ഫിഫ അണ്ടർ-17 ലോകകപ്പ് ഖത്തർ 2026 ആരംഭിക്കാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ, ടിക്കറ്റ് വിൽപന ഔദ്യോഗികമായി ആരംഭിച്ചു

www.roadtoqatar.qa എന്ന വെബ്സൈറ്റ് വഴിയാണ് ടിക്കറ്റുകൾ ലഭ്യമാക്കിയിരിക്കുന്നത്. വീസ (Visa) കാർഡ് ഉടമകൾക്കായി പ്രത്യേക മുൻകൂർ വിൽപ്പന ഇതിനകം ആരംഭിച്ചിട്ടുണ്ട്,
പൊതുജനങ്ങൾക്കായുള്ള ടിക്കറ്റ് വിൽപ്പന ഒക്ടോബർ 26, 2026-ന് ആരംഭിക്കുന്നതാണ്.
നവംബർ 19 മുതൽ ഡിസംബർ 13 വരെ അസ്പയർ സോണിലെ അത്യാധുനിക കോംപ്ലക്സിലാണ് മത്സരങ്ങൾ നടക്കുന്നത്. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം അരങ്ങേറുക.
48 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ ആകെ 104 മത്സരങ്ങളാണ് ഉള്ളത്, ഒരു ദിവസം പരമാവധി എട്ട് മത്സരങ്ങൾ വരെ ഉണ്ടായിരിക്കും.
മുഴുവൻ ടിക്കറ്റുകളും ഡിജിറ്റൽ രൂപത്തിലാണ് നൽകുന്നത്. ഗ്രൂപ്പ് ഘട്ടം, റൗണ്ട് ഓഫ് 32, റൗണ്ട് ഓഫ് 16, ക്വാർട്ടർ ഫൈനൽ എന്നിവയ്ക്കുള്ള ‘ഡേ പാസ്’ (Day Pass) ടിക്കറ്റുകൾക്ക് ഒരു മാച്ച് ഡേയ്ക്ക് 20 ഖത്തർ റിയാലാണ് നിരക്ക്. ഒരു വ്യക്തിക്ക് ഒരു മാച്ച് ഡേയിൽ പരമാവധി ആറ് ഡേ പാസ് ടിക്കറ്റുകൾ വരെ വാങ്ങാവുന്നതാണ്.
കൂടാതെ, ആരാധകർക്ക് കൂടുതൽ ആവശ്യക്കാരുള്ള മത്സരങ്ങളിൽ സീറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാൻ സഹായിക്കുന്ന ‘പ്രൈം പാസ്’ (Prime Pass) സംവിധാനവുമുണ്ട്. ഗ്രൂപ്പ് ഘട്ടം മുതൽ സെമിഫൈനൽ വരെയുള്ള മത്സരങ്ങൾക്ക് പ്രൈം പാസിന് 35 ഖത്തർ റിയാലും, മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിന് 20 ഖത്തർ റിയാലുമാണ് വില.
പ്രധാന പിച്ചുകളിലെ ശേഷിക്ക് അനുസൃതമായി ടിക്കറ്റുകളുടെ ലഭ്യത പരിമിതപ്പെടുത്തിയിരിക്കും.
ഡിസംബർ 13-ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് കാറ്റഗറി 1-ന് 30 ഖത്തർ റിയാലും കാറ്റഗറി 2-ന് 15 ഖത്തർ റിയാലുമാണ്. ഫൈനൽ മത്സരത്തിനായി ഒരാൾക്ക് പരമാവധി ആറ് ടിക്കറ്റുകൾ വരെ വാങ്ങാൻ സാധിക്കും.



