വിദ്വേഷങ്ങൾക്കുള്ള മറുപടി പ്രവാചകന്റെ കാരുണ്യസന്ദേശം: ഡോ. മുസ്തഫ തൻവീർ

ദോഹ: ഖത്തർ ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള ശൈഖ് അബ്ദുല്ല ബിൻ സൈദ് ആൽ മഹമൂദ് ഇസ്ലാമിക് കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘മുഹമ്മദ് നബി (സ): മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രത്യേക പ്രഭാഷണ പരിപാടി ശ്രദ്ധേയമായി.

സെന്ററിലെ ബിൻ സൈദ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ ഡോ. മുസ്തഫ തൻവീർ മുഖ്യപ്രഭാഷണം നിർവഹിച്ചു.

കാരുണ്യം, സാഹോദര്യം, സ്നേഹം, സഹിഷ്ണുത, നീതിബോധം, പരസ്പര ബഹുമാനം തുടങ്ങിയ ഉദാത്തമായ മാനുഷിക മൂല്യങ്ങളുടെ ജീവിക്കുന്ന മാതൃകയായിരുന്നു മുഹമ്മദ് നബി (സ) എന്ന് അദ്ദേഹം വ്യക്തമാക്കി.

ജാതി, മതം, വർഗം, ഭാഷ, ദേശം തുടങ്ങിയ വ്യത്യാസങ്ങൾക്കതീതമായി മുഴുവൻ മനുഷ്യരാശിക്കും മാതൃകയാകുന്ന ജീവിതദർശനമാണ് പ്രവാചകൻ ലോകത്തിന് സമ്മാനിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. വിദ്വേഷവും അസഹിഷ്ണുതയും തെറ്റിദ്ധാരണകളും സമൂഹത്തിൽ വെല്ലുവിളികൾ ഉയർത്തുന്ന സമകാലിക സാഹചര്യത്തിൽ പ്രവാചകന്റെ കാരുണ്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശങ്ങൾക്ക് കൂടുതൽ പ്രസക്തിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്ലാമിനെയും പ്രവാചകജീവിതത്തെയും കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റാൻ പ്രവാചകന്റെ യഥാർത്ഥ ജീവിതമാതൃകയും മാനവിക സന്ദേശങ്ങളും സമൂഹത്തിന് പരിചയപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിജീവിതത്തിലും കുടുംബബന്ധങ്ങളിലും സാമൂഹിക ഇടപെടലുകളിലും നീതിയും കാരുണ്യവും പരസ്പര ബഹുമാനവും പുലർത്തുന്നതിലൂടെയാണ് പ്രവാചകമാതൃക പ്രായോഗികമാക്കേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മതവിശ്വാസം കേവലം ആചാരാനുഷ്ഠാനങ്ങളിൽ ഒതുങ്ങുന്നതല്ലെന്നും സഹജീവികളോടുള്ള കരുണയും സാമൂഹിക ഉത്തരവാദിത്തവും നീതിപൂർവമായ പെരുമാറ്റവും അതിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രഭാഷണത്തെ തുടർന്ന് നടന്ന ചോദ്യോത്തരവേളയിൽ സദസ്സിൽ നിന്നുയർന്ന വിവിധ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഡോ. മുസ്തഫ തൻവീർ വ്യക്തവും വിശദവുമായ മറുപടികൾ നൽകി. ശ്രോതാക്കൾക്ക് വിഷയത്തിൽ കൂടുതൽ വ്യക്തത കൈവരിക്കാനും ആശയങ്ങൾ ആഴത്തിൽ മനസ്സിലാക്കാനും സംവാദം അവസരമൊരുക്കി.
പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഖുർആൻ ആസ്വാദനത്തിന് റസീഫ് അലീ ഫാറൂക്കി, അബ്ദുള്ള തിരൂർക്കാട്, അബ്ദുറഹ്മാൻ, അബ്ദുൽ വഹാബ് എന്നിവർ നേതൃത്വം നൽകി.
പ്രഭാഷണ വിഷയത്തെ ആസ്പദമാക്കി സദസ്യർക്കായി തത്സമയ സ്പോട്ട് ക്വിസ് മത്സരവും സംഘടിപ്പിച്ചു. ആവേശകരമായ പങ്കാളിത്തം ലഭിച്ച മത്സരത്തിൽ ശരിയുത്തരം നൽകിയവരിൽ നിന്ന് വിജയിയെ തെരഞ്ഞെടുത്ത് അഹമ്മദ് ലബീബ് ലുക്മാൻ എന്നവർക്ക് മെഗാ ഉംറ സമ്മാനം നൽകി. സദസ്സിന്റെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തിയ ക്വിസ് മത്സരം പരിപാടിയുടെ മുഖ്യ ആകർഷണങ്ങളിലൊന്നായി.
പ്രവാചകജീവിതത്തിന്റെ മാനവികവും സാമൂഹികവുമായ സന്ദേശങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിനും പരസ്പര സൗഹാർദവും സഹവർത്തിത്വവും ശക്തിപ്പെടുത്തുന്നതിനും ഇത്തരം വിജ്ഞാനവേദികൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് പരിപാടി ഓർമിപ്പിച്ചു.
വിവിധ മേഖലകളിൽ നിന്നുള്ള നിരവധി ആളുകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ പരിപാടി വിജ്ഞാനപ്രദമായ ഉള്ളടക്കം കൊണ്ടും സദസ്സിന്റെ സജീവ പങ്കാളിത്തം കൊണ്ടും മികച്ച സംഘാടന മികവ് കൊണ്ടും ഏറെ പ്രശംസ നേടി.
ഇസ്മായിൽ വില്ലാപള്ളിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ നജീബ് അബൂബക്കർ സ്വാഗതം പറഞ്ഞു
ഹുസൈൻ മുഹമ്മദ്, യു. അബ്ദുറഹ്മാൻ ഗാലക്സി, മുഹമ്മദ് ലയിസ്, മിസ്ബാഹ് കണ്ണൂർ, അൻസാർ കണ്ണൂർ, ശരീഫ് മങ്കട, ഡോ. ഹഷിയത്തുള്ള, ബഷീർ മൈ ബെയ്ക്ക്, നൂറുദീൻ, നൗഷാദ് കരിപ്പ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഹനീഫ് ആയപ്പള്ളി നന്ദി രേഖപ്പെടുത്തി.




