
ദോഹ — തൊഴിൽ സംബന്ധമായ രേഖകൾ സ്വന്തം ഇമെയിലിലേക്ക് അയച്ചതിന്റെ പേരിൽ 109 ദിവസം തടവിൽ കഴിഞ്ഞ പ്രമുഖ ഇൻവെസ്റ്റ്മെന്റ് സ്ഥാപനത്തിലെ രണ്ട് പ്രവാസി ജീവനക്കാരെ ക്രിമിനൽ സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് കോടതി പൂർണ്ണമായി വെറുതെവിട്ടു.
ഓഫീസ് സമയത്തിന് ശേഷവും ജോലികൾ ചെയ്തുതീർക്കാൻ ജീവനക്കാർ നടത്തിയ സാധാരണ ഇമെയിൽ ഇടപാടുകളെ അടിസ്ഥാനമാക്കിയാണ് സ്ഥാപനം ഇവർക്കെതിരെ ക്രിമിനൽ പരാതി നൽകിയത്.
പ്രതിഭാഗം അഭിഭാഷകനായ അബ്ദുള്ള ബിൻ ഹമദ് അൽ-അത്ബ ടെക്നിക്കൽ തെളിവുകളിലെ വൻ വീഴ്ചകൾ ചൂണ്ടിക്കാട്ടി കേസ് പൊളിച്ചടുക്കി:
ജീവനക്കാരൻ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കുന്നതിനും വർഷങ്ങൾക്ക് മുമ്പുള്ള (2011-ലെ) ഇമെയിലുകൾ അദ്ദേഹത്തിന്റേതാണെന്ന് തെറ്റായി ആരോപിച്ചു.
സംഭവം നടന്ന് വർഷങ്ങൾക്ക് ശേഷം (2022-23) നിലവിൽ വന്ന സെക്യൂരിറ്റി പോളിസികൾ ഉപയോഗിച്ചാണ് പഴയ കാര്യങ്ങളെ കുറ്റകൃത്യമായി ചിത്രീകരിച്ചത്.
ജീവനക്കാർക്ക് ഈ ഡാറ്റ പരിശോധിക്കാൻ ഔദ്യോഗികമായി തന്നെ പൂർണ്ണ അനുമതിയുണ്ടായിരുന്നുവെന്ന് സ്ഥാപനത്തിന്റെ സാക്ഷികൾ തന്നെ കോടതിയിൽ സമ്മതിച്ചു.
കേസിൽ കുറ്റകൃത്യം തെളിയിക്കാൻ യാതൊരു തെളിവുമില്ലെന്ന് ചൂണ്ടിക്കാട്ടി ഫോർത്ത് ക്രിമിനൽ സർക്യൂട്ട് കോടതി ജീവനക്കാരെ വെറുതെവിട്ടു. തുടർന്ന് അപ്പീൽ കോടതിയും സുപ്രീം കോടതിയായ കോർട്ട് ഓഫ് കസേഷനും (Court of Cassation) ഈ വിധി ശരിവെച്ചു.
“സ്ഥാപനത്തിന്റെ വലുപ്പമോ പേരോ നോക്കാതെ സത്യവും നീതിയും മാത്രം മുൻനിർത്തിയാണ് ഖത്തറിലെ നീതിന്യായ വ്യവസ്ഥ പ്രവർത്തിക്കുന്നതെന്ന് ഈ വിധി തെളിയിക്കുന്നതായി” വിധിയെക്കുറിച്ച് അഭിഭാഷകനായ അബ്ദുള്ള ബിൻ ഹമദ് അൽ-അത്ബ പ്രതികരിച്ചു.




