പരിമിതമായ ലഭ്യത കാരണം ഉം സലാൽ ഫിഷ് മാർക്കറ്റിൽ മീൻ വില ഉയർന്നു
ചൂട് കാലാവസ്ഥയിൽ മത്സ്യങ്ങളുടെ പരിമിതമായ ലഭ്യത കാരണം ഉം സലാൽ ഫിഷ് മാർക്കറ്റിൽ മീൻ വില ചെറുതായി ഉയർന്നു. പ്രത്യേകിച്ച് ഹമൂർ, കിങ്ഫിഷ് തുടങ്ങിയ ജനപ്രിയ ഇനങ്ങൾക്കാണ് വില ഉയർന്നിരിക്കുന്നത്.
ലഭ്യത പരിമിതമാണെങ്കിലും മത്സ്യത്തിനുള്ള ആവശ്യകത നിറവേറ്റാൻ കഴിയുന്നുണ്ടെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്‌തു. സാഫി മത്സ്യത്തിന് കിലോയ്ക്ക് 60 റിയാൽ, ഹമൂറിന് 40 റിയാൽ, കിങ്ഫിഷിന് 40 റിയാൽ, ഷെറിക്ക് 13 റിയാൽ, കോഫറിന് 19 റിയാൽ, ഫിസ്‌കറിന് 10 റിയാൽ, സുൽത്താൻ ഇബ്രാഹിമിന് 15 റിയാൽ, ടർക്കിഷ് സീബാസിന് 30 റിയാൽ, ഒമാനി ചെമ്മീന് 30 റിയാൽ എന്നിങ്ങനെയാണ് നിലവിലെ വില.
വേനൽക്കാലത്ത് ഹമൂർ കടലിന്റെ ആഴങ്ങളിലേക്ക് പോകുന്നതിനാലാണ് ഇവയുടെ ലഭ്യതയിൽ കുറവ് വരുന്നതെന്നും, ഹമൂറിൻ്റെ വില കിലോയ്ക്ക് 28-30 റിയാലിൽ നിന്നാണ് ഗണ്യമായി വർധിച്ചതെന്നും ഒരു പ്രദേശവാസി പരാമർശിച്ചു.
ശരാശരി അളവ് മത്സ്യം മാത്രമേ ലഭിക്കുന്നുള്ളൂവെന്നും അത് വിലയിലും പ്രതിഫലിക്കുമെന്നാണ് മത്സ്യ വിൽപ്പനക്കാർ പറയുന്നത്. വല ഉപയോഗിച്ച് പിടിക്കുന്നത് നിരോധിച്ചതിനാൽ കിങ്ഫിഷിന്റെ ലഭ്യത കുറവാണെന്നും അവയുടെ വില ഉടൻ 20% വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ വ്യക്തമാക്കി.