Qatar

ഖത്തറിൽ പുതിയ സ്കൂൾ ഫീസ് നയം; ഫീസ് വർദ്ധനവിന് 18 മാസം മുൻപ് അറിയിപ്പ്, 54 സ്ഥാപനങ്ങൾക്ക് അനുമതി

ഖത്തർ വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം സ്വകാര്യ സ്കൂളുകളിലെയും കിന്റർഗാർട്ടനുകളിലെയും ട്യൂഷൻ ഫീസ് നിയന്ത്രിക്കുന്നതിനായി പുതിയ നയം പ്രഖ്യാപിച്ചു. ഫീസ് വർദ്ധനവ് നടപ്പാക്കുന്നതിന് 18 മാസം മുൻപ് രക്ഷിതാക്കൾക്ക് മുൻകൂട്ടി അറിയിപ്പ് നൽകുന്ന സുതാര്യമായ സംവിധാനമാണ് ഇതിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ, ഭാവിയിലെ ഫീസ് വർദ്ധനവുകൾ സ്കൂളുകളുടെ അക്കാദമിക് പ്രകടനവുമായും വിദ്യാഭ്യാസ നിലവാരവുമായും ബന്ധിപ്പിക്കുകയും ചെയ്യും. 2026-2027 അധ്യയന വർഷത്തെ പൈലറ്റ് അടിസ്ഥാനത്തിലുള്ള നയരൂപീകരണത്തിന്റെ ഭാഗമായി 54 സ്വകാര്യ സ്കൂളുകളുടെയും കിന്റർഗാർട്ടനുകളുടെയും ഫീസ് വർദ്ധനവ് ആവശ്യങ്ങൾ മന്ത്രാലയം അംഗീകരിച്ചു. നിശ്ചിത മാനദണ്ഡങ്ങളും രേഖകളും സമർപ്പിക്കാത്ത 22 അപേക്ഷകൾ നിരസിക്കുകയും ചെയ്തു.

അപേക്ഷ സമർപ്പിക്കേണ്ട സമയക്രമം

പുതുക്കിയ സംവിധാനമനുസരിച്ച്, ജനുവരിയിലോ ഏപ്രിലിലോ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകൾ ഓരോ വർഷവും സെപ്റ്റംബറിൽ ഫീസ് വർദ്ധനവിനുള്ള അപേക്ഷകൾ സമർപ്പിക്കണം. സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകൾ ഡിസംബറിലാണ് അപേക്ഷ നൽകേണ്ടത്. മുൻകാലങ്ങളിൽ അധ്യയന വർഷം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മാത്രം ഫീസ് വർദ്ധനവ് പ്രഖ്യാപിച്ചിരുന്ന സ്ഥാനത്താണ് പുതിയ നയത്തിലൂടെ രക്ഷിതാക്കൾക്ക് 18 മാസത്തെ ദീർഘിപ്പിച്ച സാവകാശം ലഭിക്കുന്നത്.

ഫീസ് വർദ്ധനവിനുള്ള പുതിയ യോഗ്യതാ മാനദണ്ഡങ്ങൾ

ഫീസ് വർദ്ധനവിന് അപേക്ഷിക്കാൻ സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും കുറഞ്ഞത് മൂന്ന് വർഷത്തെ ലൈസൻസ് കാലാവധിയുണ്ടായിരിക്കണം. കഴിഞ്ഞ മൂന്ന് അധ്യയന വർഷങ്ങളിൽ ഫീസ് വർദ്ധനവ് ആനുകൂല്യം ലഭിച്ച സ്ഥാപനങ്ങൾക്ക് പുതിയ അപേക്ഷ സമർപ്പിക്കാൻ അനുവാദമില്ല. കൂടാതെ, സ്കൂളുകളിൽ മന്ത്രാലയം അംഗീകരിച്ച വിദ്യാർത്ഥി ശേഷിയുടെ കുറഞ്ഞത് 65 ശതമാനം എൻറോൾമെന്റ് ഉണ്ടായിരിക്കണം. മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയുള്ള കേസുകളിലൊഴികെ നിശ്ചിത പ്രവേശന പരിധി കവിയാനും പാടില്ല.

വെല്ലുവിളികൾ നേരിടുന്ന സ്കൂളുകൾക്ക് പ്രത്യേക പാക്കേജ്

സാമ്പത്തികമോ അക്കാദമികമോ ആയ വെല്ലുവിളികൾ നേരിടുന്ന സ്കൂളുകളെ പിന്തുണയ്ക്കുന്നതിനായി മന്ത്രാലയം പ്രത്യേക റിക്കവറി പാതകൾ (recovery pathways) അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മൂന്ന് സ്കൂളുകളെ സാമ്പത്തിക പുനരുദ്ധാരണ പാതയിലും, 13 സ്കൂളുകളെ അക്കാദമിക് പുനരുദ്ധാരണ പാതയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് മൂന്ന് സ്കൂളുകളെ സാമ്പത്തിക-അക്കാദമിക് പുനരുദ്ധാരണ പ്രോഗ്രാമിൽ സംയുക്തമായും ഉൾപ്പെടുത്തിയതായി ഡോ. മുഹമ്മദ് വ്യക്തമാക്കി.

Related Articles

Back to top button