മെസേജുകൾ എവിടെ നിന്ന് വരുന്നുവെന്നു പരിശോധിക്കാതെ അവയ്ക്ക് മറുപടി നൽകരുത്, ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്: ആഭ്യന്തര മന്ത്രാലയം

സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് സുരക്ഷിതരാവാൻ, മെസേജുകൾ എവിടെ നിന്ന് വന്നുവെന്ന് പരിശോധിക്കാതെ അവയ്ക്ക് മറുപടി നൽകുകയോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. “സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ, അറിയാത്ത ഉറവിടങ്ങളിൽ നിന്നുള്ള ലിങ്കുകൾ തുറക്കുകയോ സന്ദേശങ്ങൾക്ക് മറുപടി നൽകുകയോ ചെയ്യരുത്. അടിസ്ഥാന സുരക്ഷാ നടപടികൾ പാലിക്കുക.” X-ലെ ഒരു പോസ്റ്റിൽ മന്ത്രാലയം പറഞ്ഞു.
ഫിഷിംഗ് ആക്രമണങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാൻ മന്ത്രാലയം ആളുകളെ ഉപദേശിച്ചു. ഇമെയിൽ അല്ലെങ്കിൽ ചാറ്റ് വഴി അയയ്ക്കുന്ന വ്യാജ സന്ദേശങ്ങളാണിവ, ആളുകളെ ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിനോ ദോഷകരമായ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഒരു ഫയൽ തുറക്കുന്നതിനോ പ്രേരിപ്പിച്ച് അതിലൂടെ സ്വകാര്യ വിവരങ്ങളിലേക്കുള്ള ആക്‌സസ് നേടുന്നതാണ് ഇതിന്റെ രീതി.
ഫിഷിംഗ് എന്നത് ഒരു തരം വഞ്ചനയാണ്, ഒരു സുഹൃത്ത് അല്ലെങ്കിൽ അറിയപ്പെടുന്ന കമ്പനി പോലെ നിങ്ങൾക്ക് വിശ്വാസമുള്ള ഒന്നായി നടിച്ച് സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുന്നു. ഇത് യഥാർത്ഥ വെബ്‌സൈറ്റ് പോലെ തോന്നിക്കുന്ന ഒരു വ്യാജ വെബ്‌സൈറ്റിലേക്ക് ആളുകളെ നയിക്കുന്നു, അവരോട് വ്യക്തിഗത വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെടുകായും ചെയ്യുന്നു.
ഫിഷിംഗ് പലപ്പോഴും ബാങ്കിംഗ് വിവരങ്ങൾ, ഓൺലൈൻ ഷോപ്പിംഗ് അക്കൗണ്ടുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയെ ലക്ഷ്യമിടുന്നവയാണ് . നിങ്ങൾ അത്തരം തട്ടിപ്പുകളിൽ അകപ്പെട്ടാൽ, ഹാക്കർമാർക്ക് നിങ്ങളുടെ സ്വകാര്യ ഡാറ്റ മോഷ്ടിക്കാനോ നിങ്ങളുടെ ഡിവൈസിനു ദോഷം വരുത്താനോ കഴിയും. ഈ വ്യാജ ഇമെയിലുകളോ സന്ദേശങ്ങളോ പരിചിതമായതോ വിശ്വസനീയമായതോ ആയ ഉറവിടങ്ങളിൽ നിന്ന് വരുന്നതായി തോന്നിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്.
സംശയാസ്പദമായ സന്ദേശങ്ങളോ തട്ടിപ്പുകളോ ശ്രദ്ധയിൽപ്പെട്ടാൽ അധികാരികളെ നേരിട്ട് സന്ദർശിക്കുകയോ മെട്രാഷ് 2 ആപ്പ് ഉപയോഗിക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2347444 എന്ന നമ്പറിലോ 66815757 എന്ന ഹോട്ട്‌ലൈനിലോ വിളിക്കുകയോ cccc@moi.gov.qa എന്ന വിലാസത്തിലേക്ക് ഇമെയിൽ അയയ്ക്കുകയോ ചെയ്യാം.
സ്വകാര്യ വിവരങ്ങൾ ഓൺലൈനിൽ പങ്കിടരുതെന്ന് മന്ത്രാലയം എല്ലാവരെയും ഓർമ്മിപ്പിക്കുകയും വ്യക്തിഗത ഡാറ്റ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. “നിങ്ങളുടെ പേര്, ജനനത്തീയതി, വിലാസം തുടങ്ങിയ വിശദാംശങ്ങൾ നിങ്ങളുടെ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ഐഡി, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയും സ്വകാര്യമാണ്. നിങ്ങളുടെ ഇമെയിലും പാസ്‌വേഡുകളും നിങ്ങളുടെ ഡിജിറ്റൽ ഐഡന്റിറ്റിയാണ്. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ പങ്കുവെക്കുന്നത് മറ്റുള്ളവർക്ക് നിങ്ങളുടെ പണം തട്ടിയെടുക്കാനുള്ള വഴിയൊരുക്കുന്നു” MoI പറഞ്ഞു.
“അജ്ഞാത സന്ദേശങ്ങൾക്ക് മറുപടി നൽകരുത്. സോഷ്യൽ മീഡിയയിൽ നിങ്ങളുടെ സുഹൃത്തുക്കൾ ആരാണെന്ന് എപ്പോഴും സ്ഥിരീകരിക്കുകയും നിങ്ങൾക്ക് അറിയാവുന്ന ആളുകളുമായി മാത്രം സംസാരിക്കുകയും ചെയ്യുക. കുട്ടികൾക്കായി ഓൺലൈനിൽ പ്രായവും കണ്ടന്റും സംബന്ധിച്ച നിയന്ത്രണങ്ങൾ ഓണാക്കുന്നത് ഉറപ്പാക്കുക,” മന്ത്രാലയം വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t