ഹൃദ്യമായ ട്രാഫിക് നിയന്ത്രണം; വൈറൽ വിഡിയോയിലെ ഉദ്യോഗസ്ഥന് ഖത്തർ ട്രാഫിക് വകുപ്പിന്റെ ആദരം
ദോഹ: കുട്ടികൾ ഉൾപ്പെടെയുള്ളവരെ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ സഹായിച്ച സുരക്ഷാ ഉദ്യോഗസ്ഥന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ട്രാഫിക് നിയന്ത്രണത്തിലും ഗതാഗത അവബോധം വളർത്തുന്നതിലും പ്രയത്നിച്ച സുരക്ഷാ ജീവനക്കാരെ ആദരിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്.
ചടങ്ങിൽ, ദഫ്‌നയിലെ ലിസി ബോണപാർട്ടെ സ്‌കൂളിന് ചുറ്റുമുള്ള പ്രദേശത്തെ ഗതാഗതം നിയന്ത്രിക്കുന്നതിന് അബൂബക്കർ സയീദ് ബുയി, അബൂബക്കർ അലി മുഹമ്മദ് എന്നിവരെ ആദരിച്ചു.
വീഡിയോയിൽ കാണുന്നത് പോലെ, സ്‌കൂൾ സമയം കഴിഞ്ഞ് തെരുവ് മുറിച്ചുകടക്കുന്ന താമസക്കാരെ ആവേശത്തോടെ നയിക്കുന്നതിനിടയിൽ സുരക്ഷാ ഉദ്യോഗസ്ഥൻ സ്റ്റോപ്പ് അടയാളവും പിടിക്കുന്നുണ്ട്. ഇതിനിടയിൽ കുട്ടികൾ ഉൾപ്പെടെയുള്ളവരെ വിഷ് ചെയ്യാനും അദ്ദേഹം മറക്കുന്നില്ല.
കൂടാതെ, ട്രാഫിക് ബോധവൽക്കരണത്തിൽ ട്രാഫിക് ബോധവൽക്കരണ വകുപ്പുമായി സഹകരിച്ച് പ്രവർത്തിച്ചതിന് അൻമർ അബ്ദുൾ ലത്തീഫ് അബ്ദുല്ല അൽ സയ്ദ എന്നിവരെയും ഉദ്യോഗസ്ഥർ ആദരിച്ചു.
ട്രാഫിക് ബോധവൽക്കരണ വിഭാഗം ഡയറക്ടർ കേണൽ ഡോ. മുഹമ്മദ് റാദി അൽ ഹജ്‌രിയും ട്രാഫിക് ബോധവത്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ജാബർ മുഹമ്മദ് ഒദൈബയും ചേർന്നാണ് പുരസ്‌കാരം നൽകിയത്.