അമ്പതിലധികം എയർ ബലൂണുകളുമായി ഖത്തർ ബലൂൺ ഫെസ്റ്റിവൽ വീണ്ടുമെത്തുന്നു
![](https://qatarmalayalees.com/wp-content/uploads/2024/11/Copy-of-Copy-of-Copy-of-Untitled-Design-6-780x470.jpg)
![](https://qatarmalayalees.com/wp-content/uploads/2024/11/Copy-of-Copy-of-Copy-of-Untitled-Design-6-780x470.jpg)
21 രാജ്യങ്ങളിൽ നിന്നുള്ള 50-ലധികം ഹോട്ട് എയർ ബലൂണുകളുമായി ഖത്തർ ബലൂൺ ഫെസ്റ്റിവലിൻ്റെ അഞ്ചാം പതിപ്പ് വീണ്ടും വരുന്നു. കത്താറ കൾച്ചറൽ വില്ലേജിൻ്റെ സൗത്ത് പാർക്കിംഗ് ഏരിയയിൽ 2024 ഡിസംബർ 12 മുതൽ 21 വരെ പരിപാടി നടക്കും.
വിസിറ്റ് ഖത്തറും കൾച്ചറൽ വില്ലേജ് ഫൗണ്ടേഷനുമായി (കത്തറ) ചേർന്ന് സേഫ് ഫ്ലൈറ്റ് സൊല്യൂഷൻസ് ആണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. പുതിയ ആകർഷണങ്ങളും കുടുംബങ്ങൾക്കുള്ള രസകരമായ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ ഫെസ്റ്റിവൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഗംഭീരമായിരിക്കും.
ബ്രസീൽ, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ബലൂണുകൾക്കൊപ്പം വിവിധ പ്രദർശനങ്ങളും ഇവന്റ് ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. എല്ലാ ദിവസവും രാവിലെ സൂര്യോദയസമയത്ത് ഫ്ളൈറ്റുകൾ ഉണ്ടാകും. കാലാവസ്ഥ അനുകൂലമാണെങ്കിൽ വിവിധ സ്ഥലങ്ങളിൽ നിന്നും പറന്നുയരുന്ന ബലൂണുകൾ പ്രഭാതത്തിൽ മനോഹരമായ കാഴ്ച്ചകൾ നൽകും.
എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 വരെയുള്ള വൈകുന്നേരത്തെ പരിപാടികളും സന്ദർശകർക്ക് ആസ്വദിക്കാം. കത്താറയിലെ തെക്കൻ പാർക്കിംഗ് ഏരിയയിലെ ടെതർഡ് ബലൂൺ ഡിസ്പ്ലേകൾ, നൈറ്റ്ഗ്ലോ ഇവൻ്റുകൾ, ലേസർ ഷോകൾ എന്നിവയും മറ്റും ഇതിൽ ഉൾപ്പെടുന്നു.
ആദ്യമായി ഫെസ്റ്റിവലിൽ ബലൂൺ നിർമാണവുമുണ്ടാകും. സന്ദർശകർക്ക് ഫെസ്റ്റിവലിൽ ഒരു ഹോട്ട് എയർ ബലൂൺ നിർമിക്കുന്നതും അതിന്റെ പരീക്ഷണ പറക്കലും കാണാനും കഴിയും. പട്ടം നിർമ്മാണ ശിൽപശാലകൾ, കാർണിവൽ ഗെയിമുകൾ, ഫുഡ് സ്റ്റാളുകൾ, മറ്റുള്ള കടകൾ തുടങ്ങിയവയും ഉണ്ടായിരിക്കും.
ബലൂൺ ഫ്ലൈറ്റ് ടിക്കറ്റുകൾ പകുതി നിരക്കിൽ (QR499) ആയിരം പേർക്ക് സ്വന്തമാക്കാൻ കഴിയും. ഇത് ഇന്ന്, നവംബർ 12 മുതൽ 2025 മാർച്ച് 31 വരെ Asfary.com-ൽ ബുക്ക് ചെയ്യാം. കൂടാതെ, ഇതിന്റെ ഭാഗമായുള്ള ഒരു രക്തദാന ഡ്രൈവ് ഡിസംബർ 16-ന് നടക്കും. ആസ്റ്റർ ഹോസ്പിറ്റൽ, ഹമദ് മെഡിക്കൽ കോർപ്പറേഷൻ എന്നിവയുടെ പങ്കാളിത്തത്തോടെ 3 മണി മുതൽ 9 മണി വരെയാണിത് നടക്കുക.
അൾജീരിയ, ബെൽജിയം, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഹംഗറി, അയർലൻഡ്, ജപ്പാൻ, ലിത്വാനിയ, കസാക്കിസ്ഥാൻ, മാസിഡോണിയ, നെതർലാൻഡ്സ്, പോളണ്ട്, റൊമാനിയ, സ്ലൊവാക്യ, സ്പെയിൻ, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് കിംഗ്ഡം, യു.എസ്.എ എന്നീ രാജ്യങ്ങളാണ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്.
2024-ലെ ഖത്തർ ബലൂൺ ഫെസ്റ്റിവലിനുള്ള ടിക്കറ്റുകൾ ഇപ്പോൾ Asfary.com-ൽ ലഭ്യമാണ്.