ദോഹ: ഖത്തർ യാത്രാനയത്തിൽ പ്രകടമായ മാറ്റം. രാജ്യങ്ങളെ കോവിഡ് നിലയുടെ അടിസ്ഥാനത്തിൽ ഗ്രീൻ, റെഡ്, എക്സപ്ഷണൽ റെഡ് എന്നിങ്ങനെ 3 ലിസ്റ്റുകളായി തിരിച്ചിട്ടുണ്ട്. ഇന്ത്യ എക്സപ്ഷണൽ റെഡ് ലിസ്റ്റിലാണുള്ളത്. പുതിയ നയത്തിൽ ഇന്ത്യക്കാരുടെ ക്വാറന്റീൻ വെട്ടിക്കുറച്ചിട്ടുണ്ട്. ഒപ്പം, വിസിറ്റ് വീസയിൽ കുട്ടികൾക്കും പ്രവേശനം അനുവദിച്ചു. ഒക്ടോബർ 6 മുതൽ പുതിയ നയം നിലവിൽ വരും. വിശദവിവരങ്ങൾ താഴെ:
വാക്സിനേഷൻ പൂർത്തിയാക്കിയവർ:
ഖത്തറിന് പുറത്ത് നിന്ന് അംഗീകൃത വാക്സീൻ സ്വീകരിച്ച ഇന്ത്യക്കാർക്കും ക്വാറന്റീൻ ഇനി രണ്ട് ദിവസം മതി. ഇവർ ഖത്തറിലെത്തി 36 മണിക്കൂറിനുള്ളിൽ ക്വാറന്റീൻ ഹോട്ടലിൽ വെച്ച് സിറോളജി ആന്റിബോഡി ടെസ്റ്റിന് വിധേയമാകണം.
12 വയസ്സിന് മുകളിലുള്ള എല്ലാവർക്കും, വാക്സീൻ സ്വീകരിച്ച രക്ഷിതാവിനോ കുടുംബാംഗത്തിനോ ഒപ്പമെത്തുന്ന വാക്സീനെടുക്കാത്ത 11 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഈ നയം ബാധകമാകും.
വിസിറ്റേഴ്‌സ് വിസക്കാർക്കും ഇതേ നയം ബാധകമാണ്. എന്നാൽ ഇവർക്ക് ഖത്തറിലെത്തിയ ഉടൻ പിസിആർ ടെസ്റ്റ് ആവശ്യമാണ്. റെസിഡന്റ് വീസയുള്ളവർക്ക് പ്രസ്തുത ടെസ്റ്റ് ഒഴിവാക്കിയിട്ടുണ്ട്.
വാക്സിനേഷൻ പൂർത്തിയാക്കാത്തവർ:
വാക്സീനേഷൻ ഇത് വരെ പൂർത്തിയാക്കാത്ത റെസിഡന്റ് വീസയിലുള്ള ഇന്ത്യക്കാർക്ക് 7 ദിവസമാണ് നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ. ആറാം ദിവസം പിസിആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആവുകയാണെങ്കിൽ സാധാരണ നിലയിലേക്ക് മടങ്ങാം.
വിസിറ്റിംഗ് വിസയിൽ വാക്സീൻ എടുക്കാത്ത ഇന്ത്യക്കാർക്ക് ഇപ്പോഴും പ്രവേശനം അനുവദിച്ചിട്ടില്ല.
ഒക്ടോബർ 6 മുതലാണ് പുതിയ നയം നിലവിൽ വരിക. എല്ലാ വിഭാഗത്തിനും പുറപ്പെടലിന് 72 മണിക്കൂറിനുള്ളിലുള്ള ആർട്ടിപിസിആർ ടെസ്റ്റ് നെഗറ്റീവ് ആയിരിക്കേണ്ടത് നിർബന്ധമാണ്.