ഖത്തറിൽ സ്വകാര്യ മേഖലയ്ക്കും ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു; ശമ്പളത്തോടു കൂടിയ മൂന്ന് ദിവസത്തെ അവധി

ഖത്തറിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള ഈദ് അൽ അദ്ഹ അവധി തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. അതോടൊപ്പം സർക്കാർ മേഖലയിലെ അവധി ദിനങ്ങളും അമീരി ദിവാൻ സ്ഥിരീകരിച്ചു.
സ്വകാര്യ മേഖലയിൽ ശമ്പളത്തോടു കൂടിയ അവധി
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഈദ് അൽ അദ്ഹ പ്രമാണിച്ചു ശമ്പളത്തോടു കൂടിയ മൂന്ന് ദിവസത്തെ അവധി നൽകുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഈ അവധി ദിനങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാർക്ക് തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 74 അനുസരിച്ചുള്ള ഓവർടൈം ആനുകൂല്യങ്ങൾക്കും അലവൻസുകൾക്കും അർഹതയുണ്ടായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. പെരുന്നാൾ പ്രമാണിച്ച് ജീവനക്കാർക്കും തൊഴിലുടമകൾക്കും മന്ത്രാലയം ആശംസകൾ നേരുകയും ചെയ്തു.
സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ അവധി
മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ കമ്പനികൾ എന്നിവയ്ക്ക് 2026 മെയ് 26 ചൊവ്വാഴ്ച മുതൽ മെയ് 30 ശനിയാഴ്ച വരെയായിരിക്കും അവധി. അമീരി ദിവാനാണ് സർക്കാർ മേഖലയിലെ ഈ അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്.




