കേസുകൾക്ക് പിന്നാലെ നടക്കേണ്ട; പബ്ലിക് പ്രോസിക്യൂഷന്റെ മൊബൈൽ ആപ്പ്
ദോഹ: ഖത്തറിൽ പബ്ലിക് പ്രോസിക്യൂഷന്റെ വിവിധ നടപടികളുമായി ബന്ധപ്പെട്ട സേവനങ്ങൾ ഒറ്റക്ലിക്കിൽ ലഭ്യമാക്കുന്ന മൊബൈൽ ആപ്പ് ശ്രദ്ധ നേടുന്നു. വിവിധ നിയമ ലംഘനങ്ങൾക്കുള്ള ഫൈൻ അടക്കൽ, കേസുകളുടെ വെരിഫിക്കേഷനും പിന്തുടരലും, കേസ് റിപ്പോർട്ടുകൾ തുടങ്ങി വ്യത്യസ്തമായ നാല്പത്തിയാറോളം സേവനങ്ങളാണ് മൊബൈൽ ആപ്പ് ലഭ്യമാക്കുന്നത്. വ്യക്തികൾക്കും അഭിഭാഷകർക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും പ്രത്യേകം ലോഗിൻ ചെയ്ത് വ്യത്യസ്തമായ സേവനങ്ങളും ആവശ്യങ്ങളും പൂർത്തീകരിക്കാനാവുന്ന വിധത്തിലാണ് ആപ്പിന്റെ ക്രമീകരണം. പേഴ്‌സണൽ നമ്പറും പാസ്വേഡും നൽകി സൈൻ ഇൻ ചെയ്യാം.
ചെറിയ കാര്യങ്ങൾക്ക് കോടതികളും ലോ ഓഫീസുകളും കയറിയിറങ്ങുന്നതും നടപടികൾക്ക് പിന്നാലെ നടക്കുന്നതും ഒഴിവാക്കി സമയവും അധ്വാനവും ലാഭിക്കാൻ ആപ്പ് സഹായകമാണ്. ഖത്തരി പബ്ലിക് പ്രോസിക്യൂഷൻ പുറത്തിറക്കിയ ആപ്പ് പ്ളേസ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ഡൗണ്ലോഡിന് ലഭ്യമാണ്.