ദോഹയിൽ നിന്ന്, കൊച്ചി ഉൾപ്പെടെ ഇന്ത്യൻ നഗരങ്ങളിലേക്കും തിരിച്ചും പുതിയ സർവീസുകളുമായി എയർ ഇന്ത്യ
ദോഹ: ദോഹയിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് നേരിട്ട് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 21 വരെയാണ് നിലവിൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. കൊച്ചി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് ദോഹയിലെ മൂന്ന് പ്രധാന നഗരങ്ങളിൽ നിന്ന് ഓഗസ്റ്റ് 1 മുതൽ സർവീസ് ആരംഭിക്കുന്നത്. കൊച്ചി, ഹൈദരാബാദ് സർവീസുകൾ എയർ ഇന്ത്യ വെബ്‌സൈറ്റിൽ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.
ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിലും, കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് ബുധൻ, വെള്ളി ദിവസങ്ങളിലും എയർ ഇന്ത്യ സർവീസ് നടത്തും.
ബുധൻ, ഞായർ ദിവസങ്ങളിലാണ് ദോഹയിൽ നിന്ന് ഹൈദരാബാദിലേക്കും തിരിച്ചും ഫ്‌ളൈറ്റ് ഉണ്ടാവുക.
ദോഹയിൽ നിന്ന് മുംബൈയിലേക്കുള്ള പുതിയ സർവീസ് ബുധൻ, വെള്ളി ദിവസങ്ങളിൽ ആയിരിക്കും. അതേ സമയം മുബൈയിൽ നിന്ന് ദോഹയിലേക്കുള്ള ഫ്‌ളൈറ്റുകൾ തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ 5 ദിവസങ്ങളിലും സർവീസ് നടത്തും. ബുക്കിംഗ് നിലവിൽ ആരംഭിച്ചിട്ടില്ല.
മൂന്ന് നഗരങ്ങളിലേക്കും തിരിച്ചുമുള്ള സർവീസിന്റെ ടിക്കറ്റ് ചാർജ്ജ് ആരംഭിക്കുന്നത് 450 ഖത്തർ റിയാൽ മുതലാണ്.