35-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കം; 18 ലക്ഷത്തിലേറെ പുസ്തകങ്ങൾ മേളയിൽ

ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) നടക്കുന്ന 35-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി ഉദ്ഘാടനം ചെയ്തു. മേയ് 23 വരെയാണ് മേള തുടരുന്നത്. ഉദ്ഘാടന ചടങ്ങിൽ ശൈഖുമാർ, മന്ത്രിമാർ, നയതന്ത്ര ഉദ്യോഗസ്ഥർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
ലോകമെമ്പാടുമുള്ള പ്രസാധകർ
37 രാജ്യങ്ങളിൽ നിന്നുള്ള 520 പ്രസാധകരാണ് ഇത്തവണ മേളയിൽ പങ്കെടുക്കുന്നത്. 910 ബൂത്തുകളിലായി പ്രാദേശികവും അന്തർദേശീയവുമായ വിപുലമായ സാഹിത്യ സാംസ്കാരിക കൃതികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഏകദേശം 2,31,000 തലക്കെട്ടുകളിലായി 1.85 ദശലക്ഷത്തിലധികം പുസ്തകങ്ങൾ മേളയിലുണ്ട്. കൂടാതെ, മേളയുടെ ഭാഗമായി 143 പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്യും.
സാംസ്കാരിക പരിപാടികൾ
പുസ്തക പ്രദർശനത്തിന് പുറമെ വിപുലമായ സാംസ്കാരിക പരിപാടികളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രധാന വേദികളിലായി 46 പാനൽ ചർച്ചകൾ, 69 വർക്ക്ഷോപ്പുകൾ, 46 സെമിനാറുകൾ എന്നിവ നടക്കും. മേളയുടെ ഈ വർഷത്തെ ‘അതിഥി രാജ്യം’ (Guest of Honour) സംരംഭത്തിന്റെ ഭാഗമായി “ദിസ് ഈസ് ഖത്തർ” (This Is Qatar) എന്ന പുസ്തക പദ്ധതിക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു.




