റാസ് ലഫാൻ, അൽഖോർ മേഖലകളിൽ എയർ ക്വാളിറ്റി തൃപ്തികരമെന്ന് സിവിൽ ഡിഫൻസ് കൗൺസിൽ

ദോഹ: റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി, അൽ ദഖീറ, അൽ ഖോർ എന്നീ പ്രദേശങ്ങളിലെ വായുനിലവാരം സാധാരണ നിലയിലാണെന്ന് സിവിൽ ഡിഫൻസ് കൗൺസിൽ അറിയിച്ചു. ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് കൗൺസിൽ ഇക്കാര്യം സ്ഥിരീകരിച്ചത്.
ഈ മേഖലകളിൽ രേഖപ്പെടുത്തിയ വായുനിലവാര സൂചികകൾ അംഗീകൃത പരിധിയിലാണെന്നും ദേശീയ മാനദണ്ഡങ്ങളുടെ ലംഘനങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. രാജ്യത്തെ വായുനിലവാര നിരീക്ഷണ ശൃംഖല സജ്ജമാണെന്നും പരിസ്ഥിതി നിരീക്ഷണം 24 മണിക്കൂറും തുടരുമെന്നും അധികൃതർ അറിയിച്ചു.
നിലവിലെ സാഹചര്യങ്ങൾ സിവിൽ ഡിഫൻസ് കൗൺസിൽ നിരന്തരം വിലയിരുത്തുന്നുണ്ട്. ഏത് സാഹചര്യവും നേരിടാൻ വിവിധ സുപ്രധാന മേഖലകൾ സജ്ജമാണെന്നും മറ്റ് സർക്കാർ സംവിധാനങ്ങളുമായി ചേർന്നുള്ള ഏകോപനം തുടരുമെന്നും പ്രസ്താവനയിൽ പറയുന്നു.




