ഖത്തറിലെ യാത്രകൾ ഇനി എളുപ്പമാകും, ‘സില’ അവതരിപ്പിച്ച് ഗതാഗത വകുപ്പ്
ഖത്തറിലെ വ്യത്യസ്തങ്ങളായ ഗതാഗത സംവിധാനങ്ങൾ ഇനി ഒറ്റ ബ്രാന്റിൽ അറിയപ്പെടും. ട്രാൻസ്‌പോർട്ട് ആന്റ് കമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ കീഴിൽ അവതരിപ്പിക്കുന്ന ഏകീകൃത ഗതാഗത നെറ്റ്വർക്ക് ആണ് ‘സില’. മെട്രോ, ബസ്, ടാക്സി, ട്രാം എന്നീ ഗതാഗത മാർഗങ്ങൾ നിലവിൽ സിലയിൽ ഭാഗമാണ്.
അറബിയിൽ ‘കണക്ഷൻ’ എന്നർത്ഥം വരുന്ന സില വ്യത്യസ്ത ഘട്ടങ്ങളിലായാണ് ലോഞ്ച് ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഇതിനായി, ഖത്തർ റെയിൽവേ, എംഷെരിബ് പ്രോപ്പർട്ടീസ്, മോവസലാത്ത്, ഖത്തർ ഫൗണ്ടേഷൻ തുടങ്ങിയ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കും.
ഖത്തറിലെ പൊതുഗതാഗതത്തിന്റെ സാധ്യതയും ഉപയുക്തതയും വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി വരും ആഴ്ചകളിൽ തന്നെ അതിന്റെ മൊബൈൽ ആപ്ലിക്കേഷനിൽ ‘ജേർണി പ്ലാനിംഗ് ഫങ്ക്ഷൻ’ എന്ന ഫീച്ചർ അവതരിപ്പിക്കും. ഖത്തറിലെ യാത്രക്കാർക്ക് ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് അനുയോജ്യമായ ഗതാഗത മാർഗങ്ങളും റൂട്ടുകളും തിരഞ്ഞെടുക്കാനും ട്രിപ്പുകൾ പ്ലാൻ ചെയ്യാനും സഹായിക്കുന്നതാണ് ആപ്പ്.
വിവിധ സ്റ്റേഷനുകൾ, സ്റ്റോപ്പുകൾ, സ്റ്റേഷൻ ലേ ഔട്ടുകൾ, വാഹന സമയവിവരം, റൂട്ടുകൾ മുതലായവ കണ്ടെത്താനും ആപ്പിലൂടെയും സില വെബ്‌സൈറ്റിലൂടെയും സാധിക്കും. മെട്രോ, ബസ്, ടാക്സി, ട്രാം, വാക്കിംഗ്, ഡ്രൈവിംഗ് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പൂർണ്ണമായും ലോഞ്ച് ചെയ്യപ്പെടുന്നതോടെ, ഖത്തറിലെ വിവിധ ഗതാഗത സ്രോതസ്സുകളെ പരസ്പരം ബന്ധിപ്പിച്ച് യാത്രാസംവിധാനം ഏറ്റവും ആധുനികവും എളുപ്പവുമാക്കിത്തീർക്കാനുതകുന്ന പലവിധ പദ്ധതികളാണ് സിലയിലൂടെ ഒരുങ്ങുന്നത്.