ദരിദ്രരാജ്യങ്ങളിലെ കാലാവസ്ഥാ വ്യതിയാനം നേരിടാൻ അമീർ പ്രഖ്യാപിച്ചത് 100 മില്യൺ ഡോളർ
ന്യുയോർക്ക്: വർധിച്ചു വരുന്ന കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങളെയും പ്രകൃതി ദുരന്തങ്ങളെയും നേരിടാൻ അടിയന്തര നടപടികൾ കൈക്കൊള്ളുകയും രാഷ്ട്രീയ ഇച്ഛാശക്തിയോടെ പ്രവർത്തിക്കുകയും ചെയ്യണമെന്ന് സ്റ്റേറ്റ് ഓഫ് ഖത്തർ ആവശ്യപ്പെട്ടു. ന്യൂയോർക്കിൽ യുഎൻ സെക്യൂരിറ്റി കൗണ്സിലിന്റെ ഓപ്പൺ ഡിബേറ്റിൽ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഷെയ്ഖ ആലിയ അഹ്മദ് ബിൻ സൈഫ് അൽ ഥാനിയാണ് രാജ്യത്തെ പ്രതിനിധീകരിച്ച് ഇക്കാര്യം സംസാരിച്ചത്.
കാലാവസ്‌ഥാ പ്രശ്നങ്ങളിൽ ഖത്തർ നടത്തുന്ന അന്തർദേശീയ ശ്രമങ്ങളെ എടുത്തുപറഞ്ഞ അവർ ഇക്കാര്യത്തിൽ രാജ്യം ഒരിക്കലും പരാജയപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള യുഎൻ ഫ്രെയിംവർക്ക് കണ്വെന്ഷന്റെ 18-ആമത് സെഷന് 2012 ൽ ഖത്തർ ആഥിത്യമരുളിയത് വിഷയത്തിലെ ഏറ്റവും മികച്ച കാൽവെപ്പായിരുന്നെന്നു അവർ സൂചിപ്പിച്ചു.
2019 ലെ ക്ലൈമറ്റ് ആക്ഷൻ കൗണ്സിലിൽ കടുത്ത കാലാവസ്ഥാ ഭീഷണി നേരിടുന്ന ചെറിയ ദ്വീപുകൾ, അവികസിത രാജ്യങ്ങൾ തുടങ്ങിയവയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി, 100 മില്യണ് ഡോളറാണ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി പ്രഖ്യാപിച്ചത്. ഖത്തർ ഫണ്ടിന്റെ നേതൃത്വത്തിൽ ഈ രാജ്യങ്ങളിൽ നടത്തിയ ‘ഗ്രീൻ ഗ്രോത്ത്’ പദ്ധതികളും പ്രസ്താവന വിശദമാക്കി.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ നേരിടാൻ രാജ്യത്തിന്റെ തന്ത്രപ്രധാന പങ്കാളികളുമായി കൂട്ടായ പ്രവർത്തനത്തിന് ഒരുക്കമാണെന്നും സ്റ്റേറ്റ് ഓഫ് ഖത്തർ യുഎന്നിൽ അറിയിച്ചു.