ആഗോള പാസ്പോർട്ട് റാങ്കിങ്ങിൽ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഖത്തർ
അനുവദിക്കുന്ന വിസ-ഫ്രീ ഡെസ്റ്റിനേഷനുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി 199 പാസ്‌പോർട്ടുകളുടെ ശക്തി വിലയിരുത്തി ഹെൻലി പാസ്‌പോർട്ട് സൂചിക അതിൻ്റെ 2025 റാങ്കിംഗ് പ്രസിദ്ധീകരിച്ചു. ഇൻ്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷനിൽ (IATA) നിന്നാണ് ഈ വിവരങ്ങൾ ലഭിക്കുന്നത്.
ഈ വർഷത്തെ ആദ്യ റിപ്പോർട്ടിൽ, ഖത്തർ ശ്രദ്ധേയമായ മുന്നേറ്റം നടത്തി. ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 47-ാം സ്ഥാനത്താണ് ഖത്തർ ഇപ്പോൾ നിൽക്കുന്നത്. ഖത്തരി പാസ്‌പോർട്ട് ഉടമകൾക്ക് ഇപ്പോൾ 227 ലക്ഷ്യസ്ഥാനങ്ങളിൽ 112 എണ്ണത്തിലേക്ക് വിസ ഫ്രീ ആക്‌സസ് ഉണ്ട്, 2024 ജനുവരിയിൽ രാജ്യം 53-ാം സ്ഥാനത്തായിരുന്നപ്പോൾ ഇത് 108 ലക്ഷ്യസ്ഥാനങ്ങളായിരുന്നു. മുൻ വർഷങ്ങളിൽ 2020ൽ 54ആം സ്ഥാനത്തും 2021ൽ 60ആം സ്ഥാനത്തും 2022ൽ 53ആം സ്ഥാനത്തും 2023ൽ 55ആം സ്ഥാനത്തുമായിരുന്നു ഖത്തർ.
ജിസിസി രാജ്യങ്ങളിൽ, 185 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ ഫ്രീ പ്രവേശനവുമായി ആഗോളതലത്തിൽ പത്താം സ്ഥാനത്തു നിൽക്കുന്ന യുഎഇക്ക് ശേഷം ഖത്തർ രണ്ടാം സ്ഥാനത്താണ്. മറ്റ് ഗൾഫ് രാജ്യങ്ങളുടെ റാങ്ക് താഴെപ്പറയുന്നവയാണ്: കുവൈറ്റ് (50, 99 ലക്ഷ്യസ്ഥാനങ്ങൾ), ബഹ്‌റൈൻ (58, 87 ലക്ഷ്യസ്ഥാനങ്ങൾ), സൗദി അറേബ്യ (58, 87 ലക്ഷ്യസ്ഥാനങ്ങൾ), ഒമാൻ (59, 86 ലക്ഷ്യസ്ഥാനങ്ങൾ).
195 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്യുന്ന സിംഗപ്പൂർ ലോകത്തിലെ ഏറ്റവും മികച്ച പാസ്‌പോർട്ടായി തുടരുന്നു. 193 സ്ഥലങ്ങളിലേക്ക് പ്രവേശനമുള്ള ജപ്പാനാണ് രണ്ടാം സ്ഥാനത്ത്.
ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ദക്ഷിണ കൊറിയ, സ്പെയിൻ എന്നീ രാജ്യങ്ങൾ 192 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് മൂന്നാം സ്ഥാനം പങ്കിട്ടു. നാലാം സ്ഥാനത്ത് ഓസ്ട്രിയ, ഡെന്മാർക്ക്, അയർലൻഡ്, ലക്സംബർഗ്, നെതർലാൻഡ്സ്, നോർവേ, സ്വീഡൻ എന്നിവ ഉൾപ്പെടുന്നു, 191 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇവിടുത്തെ പാസ്പോർട്ട് ഉള്ളവർക്ക് പ്രവേശനമുണ്ട്. ബെൽജിയം, ന്യൂസിലാൻഡ്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് കിങ്‌ഡം എന്നിവ 190 ലക്ഷ്യസ്ഥാനങ്ങളുമായി അഞ്ചാം സ്ഥാനത്താണ്.
ഈ വർഷത്തെ റാങ്കിംഗിലെ അത്ഭുതകരമായ മാറ്റം അമേരിക്ക ഒമ്പതാം സ്ഥാനത്തേക്ക് വീണതാണ്. 201 നും 2025നും ഇടയിൽ വെനസ്വേലയ്ക്ക് ശേഷം യു.എസ് ആണ് ഏറ്റവും വലിയ വീഴ്ച്ച നേരിട്ടത്. യുഎസ് രണ്ടാം സ്ഥാനത്തു നിന്ന് 9-ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഏറ്റവും ശക്തമായ 10 പാസ്പോർട്ടുകളിൽ ഭൂരിഭാഗവും യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടുന്നു:
സിംഗപ്പൂർ (195 ലക്ഷ്യസ്ഥാനങ്ങൾ)
ജപ്പാൻ (193)
ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ദക്ഷിണ കൊറിയ, സ്പെയിൻ (192)
ഓസ്ട്രിയ, ഡെൻമാർക്ക്, അയർലൻഡ്, ലക്സംബർഗ്, നെതർലാൻഡ്സ്, നോർവേ, സ്വീഡൻ (191)
ബെൽജിയം, ന്യൂസിലാൻഡ്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് കിംഗ്ഡം (190)
ഓസ്‌ട്രേലിയ, ഗ്രീസ് (189)
കാനഡ, മാൾട്ട, പോളണ്ട് (188)
ചെക്കിയ, ഹംഗറി (187)
എസ്തോണിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് (186)
ലാത്വിയ, ലിത്വാനിയ, സ്ലോവേനിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (185)
പട്ടികയുടെ ഏറ്റവും താഴെയുള്ള, അഫ്ഗാനിസ്ഥാൻ 106-ാം സ്ഥാനത്താണ്, വെറും 26 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ഇവിടുത്ത പാസ്‌പോർട്ടിന് വിസ ഫ്രീ എൻട്രിയുള്ളത്. 27 ലക്ഷ്യസ്ഥാനങ്ങളുമായി സിറിയ 105-ാം സ്ഥാനത്തും 31 ലക്ഷ്യസ്ഥാനങ്ങളിലേക്ക് മാത്രം പ്രവേശനമുള്ള ഇറാഖ് 104-ാം സ്ഥാനത്തുമാണ്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx