ഖത്തറിൽ മാമ്പഴക്കാലം; ഇന്ത്യൻ മാംഗോ ഫെസ്റ്റിവലിന് പിന്നാലെ ബംഗ്ലാദേശി മാംഗോ ഫെസ്റ്റിവൽ സൂഖ് വാഖിഫിൽ ആരംഭിച്ചു

അൽ ഹംബ എക്‌സിബിഷൻ എന്നറിയപ്പെടുന്ന ആദ്യത്തെ ബംഗ്ലാദേശി മാംഗോ ഫെസ്റ്റിവൽ ബുധനാഴ്ച്ച സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ ആരംഭിച്ചു. ഖത്തറിലെ ബംഗ്ലാദേശ് എംബസിയുടെ പിന്തുണയോടെ പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസ് (പിഇഒ) ആണ് ഇത് സംഘടിപ്പിക്കുന്നത്.
പിഇഒയിൽ നിന്നുള്ള അബ്ദുൾറഹ്മാൻ മുഹമ്മദ് അൽ-നാമയും ബംഗ്ലാദേശി അംബാസഡർ മുഹമ്മദ് നസ്രുൾ ഇസ്ലാമും ചേർന്നാണ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി അംബാസഡർമാരും നയതന്ത്രജ്ഞരും ഉദ്ഘാടനത്തിൽ പങ്കെടുത്തു.
ജൂലൈ 1 വരെ നീണ്ടുനിൽക്കുന്ന ഈ ഉത്സവം ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 9 വരെ ഉണ്ടാകും. ഔദ്യോഗിക അവധി ദിവസങ്ങളിൽ, രാത്രി 10 വരെയും ഇത് തുറന്നിരിക്കും. അമ്രപാലി, ലാംഗ്ര, കാറ്റിമോൺ, ഖിർസപത്, ഫസ്ലി, ഗോപാൽഭോഗ്, ഹരിഭംഗ, ലേം മാംഗോ, ബനാന മാംഗോ, ഹിമാഷഗോർ, ലക്ഷ്മൺഭോഗ് തുടങ്ങിയ പ്രശസ്തമായ ബംഗ്ലാദേശി മാമ്പഴങ്ങൾ പ്രദർശനത്തിൽ ഉണ്ടാകും.
ലിച്ചി, ചക്ക, ഡ്രാഗൺ ഫ്രൂട്ട്, പേരക്ക, പൈനാപ്പിൾ, ബക്കൗറിയ മോട്ട്ലെയാന തുടങ്ങിയ മറ്റ് പഴങ്ങളും ലഭ്യമാണ്. എല്ലാ പഴങ്ങളും ബംഗ്ലാദേശിൽ നിന്ന് ഫ്രഷായി കൊണ്ടുവരുന്നു, പലതും പ്രത്യേക വിമാനങ്ങളിലാണ് എത്തിക്കുന്നത്.
ബംഗ്ലാദേശി പഴങ്ങൾ ഖത്തറിൽ പ്രോത്സാഹിപ്പിക്കുന്നതിനും വിൽപ്പനക്കാർക്ക് പുതിയ വിപണി കണ്ടെത്താൻ സഹായിക്കുന്നതിനുള്ള അവസരമാണ് ഈ പരിപാടിയെന്ന് അംബാസഡർ നസ്രുൾ ഇസ്ലാം പറഞ്ഞു. ബംഗ്ലാദേശും ഖത്തറും തമ്മിലുള്ള വ്യാപാര, സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഫെസ്റ്റിവൽ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിൽ നിന്നുള്ള 20-ലധികം പ്രദർശകർ മേളയിൽ പങ്കെടുക്കുന്നുണ്ട്. ബംഗ്ലാദേശിൽ മാമ്പഴസീസൺ മൂർദ്ധന്യത്തിൽ നിൽക്കുമ്പോഴാണ് ഫെസ്റ്റിവൽ നടക്കുന്നതെന്ന് എക്സിബിഷന്റെ ജനറൽ സൂപ്പർവൈസർ ഖാലിദ് സെയ്ഫ് അൽ-സുവൈദി പറഞ്ഞു. നിലവാരമുള്ള മാമ്പഴങ്ങൾ നല്ല വിലയ്ക്ക് വാഗ്ദാനം ചെയ്യുകയും പ്രാദേശിക വിപണിയിൽ പുതിയ ഇനങ്ങൾ അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ചില കമ്പനികൾ മാമ്പഴ തൈകളും പ്രദർശിപ്പിച്ചിട്ടുണ്ട്, ഇത് മാമ്പഴം വളർത്താൻ ആഗ്രഹിക്കുന്ന ഖത്തരി കർഷകർക്ക് വാങ്ങാം. പഴങ്ങൾ പുതുമയോടെ സൂക്ഷിക്കുന്നതിനും സന്ദർശകർക്ക് സുഖകരമാക്കുന്നതിനുമായി എക്സിബിഷൻ ടെന്റിൽ കൂളിംഗ് സംവിധാനങ്ങളുണ്ട്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/LHsDNvsaDtU8kIXlVBkdon