Uncategorized

പ്രവാചകസ്നേഹം വിശ്വാസത്തിന്റെ അടയാളവും ജീവിതത്തിന്റെ വഴികാട്ടിയുമാണ്: നസീറുദ്ദീൻ റഹ്മാനി

ദോഹ: ഖത്തർ ഔഖാഫ് ഇസ്‌ലാമിക മതകാര്യ മന്ത്രാലയത്തിന്റെ (Ministry of Endowments and Islamic Affairs) ആഭിമുഖ്യത്തിൽ ‘പ്രവാചക സ്നേഹം’ എന്ന വിഷയത്തിൽ മതപ്രഭാഷണം സംഘടിപ്പിച്ചു. 2026 ഒക്ടോബർ 23 വെള്ളിയാഴ്ച ഇശാ നമസ്കാരാനന്തരം ന്യൂ സലത്തയിലെ 03 മാളിന് സമീപമുള്ള മുഹമ്മദ് അബ്ദുൽ റഹ്മാൻ അൽ സമാൻ മസ്ജിദിൽ നടന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതൻ നസീറുദ്ദീൻ റഹ്മാനി പ്രഭാഷണം നടത്തി.

സ്വന്തം ജീവനേക്കാളും കുടുംബത്തേക്കാളും ഉപരിയായി പ്രവാചകൻ മുഹമ്മദ് നബി ﷺയെ സ്നേഹിക്കുക എന്നത് യഥാർഥ വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പ്രവാചക ജീവിതത്തെ ആഴത്തിൽ പഠിക്കുകയും അവിടുത്തെ വ്യക്തിത്വവും അധ്യാപനങ്ങളും അടുത്തറിയുകയും ചെയ്യുന്നതിലൂടെ പ്രവാചകനോടുള്ള സ്നേഹവും ആദരവും കൂടുതൽ ദൃഢമാകുമെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രവാചകസ്നേഹം കേവലം വൈകാരികമായ ഒരനുഭവത്തിൽ ഒതുങ്ങേണ്ടതല്ലെന്നും അത് ജീവിതത്തിൽ പ്രാവർത്തികമാകേണ്ട വിശ്വാസബോധമാണെന്നും പ്രഭാഷകൻ ചൂണ്ടിക്കാട്ടി. പ്രവാചകന്റെ കൽപനകൾ ജീവിതത്തിൽ പിന്തുടരുകയും അവിടുന്ന് വിലക്കിയ കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കുകയും മാതൃകാപരമായ ജീവിതചര്യയും ഉന്നതമായ സ്വഭാവഗുണങ്ങളും സ്വന്തം ജീവിതത്തിൽ പകർത്തുകയും ചെയ്യുമ്പോഴാണ് പ്രവാചകസ്നേഹം അതിന്റെ യഥാർഥ അർഥത്തിൽ പ്രകടമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നിരവധി പേർ പങ്കെടുത്ത പരിപാടി ഇശാ നമസ്കാരത്തോടെയാണ് ആരംഭിച്ചത്. പ്രവാചകാധ്യാപനങ്ങളെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്ന സന്ദേശമായി പ്രഭാഷണം മാറി.

പരിപാടിയിൽ മിസ്ബാഹ് പള്ളിപ്പുറം സ്വാഗതവും ഷമീർ പി.കെ. നന്ദിയും നിർവഹിച്ചു.
ഇസ്മായിൽ വില്യാപ്പള്ളി, നജീബ് അബൂബക്കർ, ഹനീഫ് ആയപ്പള്ളി, നൂറുദ്ദീൻ എ.എ, അൻസാർ കണ്ണൂർ, മുഹമ്മദ് ലയിസ്, ഡോ. ഹഷിയത്തുള്ള, ഫായിസ് അലി, അഷറഫ് കെ.ഇ, അഫ്സൽ പുളിക്കൽ, ജാസിം കുന്നോത്ത്, റിയാസ് പി.വി, എം.എ. അബ്ദുല്ലത്തീഫ്, അബ്ദുസ്സലാം കണ്ണൂർ എന്നിവർ പരിപാടിയുടെ സുഗമമായ നടത്തിപ്പിനും വിവിധ ക്രമീകരണങ്ങൾക്കും നേതൃത്വം നൽകി.

Related Articles

Back to top button