കെ.എം.സി.സി ഓഫീസിലെ എട്ടു കോടിയുടെ കവർച്ച: ചതിച്ചതെന്ന് പ്രതി; കുറ്റസമ്മത വീഡിയോ പുറത്ത്

കോഴിക്കോട് / ഖത്തർ: ഖത്തറിലെ കെ.എം.സി.സി (KMCC) ഓഫീസിൽ നിന്ന് എട്ടു കോടിയോളം രൂപ കവർന്ന കേസിലെ പ്രതിയായ കൊയിലാണ്ടി സ്വദേശി ബാലകൃഷ്ണന്റെ കുറ്റസമ്മത വീഡിയോ പുറത്തുവന്നു. കെ.എം.സി.സി നേതാക്കളുടെ മുന്നിൽ കുറ്റം ഏറ്റുപറയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഗ്യാസ് കട്ടർ ഉപയോഗിച്ച് കെ.എം.സി.സി ഓഫീസിലെ ലോക്കർ പൊളിക്കാൻ ചിലർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് താൻ കൃത്യത്തിൽ പങ്കാളിയായതെന്ന് ബാലകൃഷ്ണൻ മൊഴി നൽകി.
ചതിക്കപ്പെടുകയായിരുന്നുവെന്ന് ആരോപണം
വെൽഡിങ് പണിയെടുത്തിരുന്ന തന്നെ പണിക്കായി ഖത്തറിലേക്ക് പോകണമെന്ന് പറഞ്ഞ് സമീപിക്കുകയായിരുന്നുവെന്ന് ബാലകൃഷ്ണൻ പറയുന്നു. ബോംബെ ഷാജി എന്നയാൾ ഗൾഫിൽ ജോലി വാഗ്ദാനം ചെയ്തതോടെയാണ് അങ്ങോട്ട് പോകാൻ സമ്മതിച്ചത്. ടിക്കറ്റും വിസയും അവർ നൽകുമെന്നും അറിയിച്ചിരുന്നു.
അറബിയുടെ ലോക്കറിന്റെ താക്കോൽ നഷ്ടപ്പെട്ടതിനാൽ അത് തുറന്നു നൽകണമെന്നു പറഞ്ഞാണ് കെ.എം.സി.സി ഓഫീസിലേക്ക് കൊണ്ടുപോയത്. എന്നാൽ, അത് കെ.എം.സി.സി ഓഫീസാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് ബാലകൃഷ്ണൻ അവകാശപ്പെടുന്നു. പണം കിട്ടിയാൽ 10 ലക്ഷത്തിലേറെ രൂപ തരുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ലോക്കർ തുറന്ന് പണം കൈക്കലാക്കിയതോടെ കൂടെയുണ്ടായിരുന്നവർ മുങ്ങുകയായിരുന്നു. ബോംബെ ഷാജി, റാഷിദ്, സ്വാ ലിഹ്, റാഷി എന്നിവരാണ് കൂടെയുണ്ടായിരുന്നത്.
മോഷണത്തിനുശേഷം അവിടെവെച്ച് 50,000 രൂപയും നാട്ടിലെത്തിയ ശേഷം 1.50 ലക്ഷം രൂപയുമാണ് നൽകിയത്. തിക്കോടി കടപ്പുറത്തു വെച്ച് ബാവ എന്നറിയപ്പെടുന്ന സായിബാബയാണ് ഈ പണം നൽകിയതെന്നും ബാലകൃഷ്ണൻ വെളിപ്പെടുത്തി.
പൊലീസിൽ കീഴടങ്ങി
2025 സെപ്റ്റംബർ 18-നാണ് ഖത്തറിലെ അൽതുമാമയിലെ കെ.എം.സി.സി ഓഫീസിൽ കവർച്ച നടന്നത്. ഓഫീസ് ബോയിയായി ജോലി ചെയ്തിരുന്നയാളെ കെട്ടിയിട്ടായിരുന്നു കവർച്ച നടത്തിയത്. കവർച്ചയ്ക്ക് പിന്നിൽ കൊയിലാണ്ടി, പയ്യോളി മേഖലകളിലുള്ളവരാണെന്ന സൂചന ലഭിച്ചതോടെ കെ.എം.സി.സി ഭാരവാഹികൾ കൊയിലാണ്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനുപിന്നാലെയാണ് ബാലകൃഷ്ണൻ പൊലീസിൽ കീഴടങ്ങിയത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടി നഗരസഭ മൂന്നാം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു ബാലകൃഷ്ണൻ. നിലവിൽ ബി.ജെ.പി വിയ്യൂർ ബൂത്ത് പ്രസിഡന്റാണ്.




