QatarTravel

പ്രവാസികൾക്ക് ആശ്വാസം; പശ്ചിമേഷ്യൻ സർവീസുകൾ പൂർണ്ണമായി പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്


യു.എസ്, ഇസ്രായേൽ, ഇറാൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ചിരുന്ന പശ്ചിമേഷ്യയിലെ എല്ലാ വിമാന സർവീസുകളും എയർ ഇന്ത്യാ എക്സ്പ്രസ് പുനരാരംഭിച്ചു. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ വിമാന സർവീസുകൾ സാധാരണ നിലയിലായതോടെ മധ്യവേനൽ അവധിക്കു നാട്ടിലേക്കു പോകാൻ ഒരുങ്ങുന്ന പ്രവാസികൾക്ക് ഈ നീക്കം ഏറെ സഹായകമാകും. സലാല (ഒമാൻ), കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ കഴിഞ്ഞദിവസം മുതൽ പുനരാരംഭിച്ചതായും യുഎഇയിൽ നിന്നുള്ള സർവീസുകൾ കഴിഞ്ഞ മാസം തന്നെ ലഭ്യമാക്കിയിരുന്നതായും വിമാന കമ്പനി അറിയിച്ചു.

നിലവിൽ യുഎഇ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ 13 സെക്ടറുകളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ട്. ഇന്ത്യയിലെ 18 നഗരങ്ങളെ പശ്ചിമേഷ്യയുമായി ബന്ധിപ്പിച്ച് ആഴ്ചയിൽ 780 സർവീസുകളാണ് ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം മസ്കത്ത്–മംഗളൂരു സർവീസും പുനഃസ്ഥാപിച്ചിട്ടുണ്ട്. ആഴ്ചയിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും കോഴിക്കോട്–സലാല സർവീസ് നടക്കുക.

കൂടുതൽ സർവീസുകൾ സജീവമായതോടെ പ്രവാസികളുടെ യാത്ര സുഗമമാകുമെന്നും ഈ നീക്കം പശ്ചിമേഷ്യൻ മേഖലയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി.

Related Articles

Back to top button