HealthQatar

ആരോഗ്യ സംരക്ഷണത്തിനായി ‘ഹൃദ്യ’ പദ്ധതിയുമായി ഐ.ഡി.സി ഖത്തറും റിയാദ മെഡിക്കൽ സെന്ററും

ദോഹ: ഖത്തറിലെ ഇന്ത്യൻ ഡോക്ടർമാരുടെ കൂട്ടായ്മയായ ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ്ബും (IDC), ജെ.സി.ഐ അക്രഡിറ്റഡ് മൾട്ടി-സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററായ റിയാദ മെഡിക്കൽ സെന്ററും, ചേർന്ന് ‘ഹൃദ്യ’ (HRUDYA) എന്ന പേരിൽ പുതിയ ആരോഗ്യ സംരക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ചു. ഹൃദയാരോഗ്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക, ഹൃദ്രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി തടയുക എന്നിവയാണ് ഈ കാമ്പയിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യൻ എംബസിക്ക് കീഴിലുള്ള ഐ.ബി.പി.സി (IBPC) യുമായി അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന സംഘടനയാണ് ഐ.ഡി.സി ഖത്തർ.

ലളിതമായ ജീവിതശൈലി മാറ്റങ്ങളിലൂടെയും കൃത്യമായ പരിശോധനകളിലൂടെയും ഹൃദയാരോഗ്യം എങ്ങനെ സംരക്ഷിക്കാം എന്ന് പൊതുജനങ്ങളെ ബോധവൽക്കരിക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പുകളും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കും.

ഐ.ഡി.സി ഖത്തർ അഡ്വൈസറി കൗൺസിൽ ചെയർമാൻ ഡോ. സൈബു ജോർജ്പ, റിയാദ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അബ്ദുൽ കലാം, ഐ.ഡി.സി പ്രസിഡന്റ് ഡോ. റിനി ശൗക്കത്ത്, മറ്റു ഐ.ഡി.സി ഭാരവാഹികൾ ചേർന്ന് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പ്രവാസി സമൂഹത്തിനിടയിൽ ഹൃദയാരോഗ്യ സംരക്ഷണത്തിന്റെയും മുൻകൂട്ടിയുള്ള പരിശോധനകളുടെയും പ്രാധാന്യം ഏറിവരികയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഐ.ഡി.സി പ്രസിഡന്റ് ഡോ. റിനി ശൗക്കത്ത് പറഞ്ഞു. ഐ.ഡി.സി സോഷ്യൽ വെൽഫെയർ സെക്രട്ടറി ഡോ. ഷെഫീഖിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച്, യുവ കായികപ്രേമികളുടെ കൂട്ടായ്മയായ എം.സി.സി (MCC) അംഗങ്ങൾക്കായി ആദ്യ ‘ഹൃദ്യ’ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ മെഡിക്കൽ സെന്ററിലെ കാർഡിയോളജി സ്പെഷ്യലിസ്റ്റ് ഡോ. ബിഷ്ണു കിരണിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. ഐ.ഡി.സിയിലെ വോളന്റിയർമാരായ ഡോക്ടർമാരും ഇതിൽ പങ്കാളികളായി.

“രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ അത് വരാതെ നോക്കുന്നതിനാണ് റിയാദ മുൻഗണന നൽകുന്നത്. ഐ.ഡി.സിയുമായി സഹകരിച്ച് ‘ഹൃദ്യ’ പദ്ധതിയിലൂടെ ഹൃദയാരോഗ്യ പരിശോധനകൾ സാധാരണക്കാരിലേക്ക് എത്തിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്,” എന്ന് റിയാദ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ പറഞ്ഞു.

എം.സി.സി അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ റിയാദ മെഡിക്കൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അബ്ദുൾ കലാം, കാമ്പയിൻ കൺവീനർ ഡോ. അൻവർ, ഐ.ഡി.സി മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ബോധവൽക്കരണ പരിപാടികളും ക്യാമ്പുകളും തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Articles

Back to top button