ലോക ഭക്ഷ്യ സുരക്ഷാ ദിനം: മികച്ച പ്രകടനം കാഴ്ചവെച്ച ഭക്ഷ്യ സ്ഥാപനങ്ങളെ ആദരിക്കാൻ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ: 2026 ജൂൺ 7-ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം ലോക ഭക്ഷ്യ സുരക്ഷാ ദിനം ആചരിക്കുന്നു. ഇതിന്റെ ഭാഗമായി, മന്ത്രാലയത്തിന്റെ ‘ഫുഡ് എസ്റ്റാബ്ലിഷ്മെന്റ് ക്ലാസിഫിക്കേഷൻ പ്രോഗ്രാം’ പ്രകാരം മികച്ച പ്രകടനം കാഴ്ചവെച്ച ഭക്ഷ്യ സ്ഥാപനങ്ങളെ ആദരിക്കും. സുരക്ഷാ മാനദണ്ഡങ്ങൾ സ്വമേധയാ പാലിച്ച സ്ഥാപനങ്ങൾക്കുള്ള അംഗീകാരമാണിത്.
ബോധവൽക്കരണ കാമ്പയിൻ
ഭക്ഷ്യ സുരക്ഷയുടെയും ശുചിത്വത്തിന്റെയും അടിസ്ഥാന കാര്യങ്ങൾക്ക് മുൻഗണന നൽകി മന്ത്രാലയം ഒരു ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ദേശീയ ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം പൊതുസമൂഹത്തിൽ ഭക്ഷ്യസുരക്ഷാ സംസ്കാരം വളർത്തിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിവിധ പരിപാടികളും ചർച്ചകളും
ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങളും അവ നേരിടുന്നതിലെ പ്രധാന വെല്ലുവിളികളും ചർച്ച ചെയ്യുന്ന വിവിധ പരിപാടികൾ മന്ത്രാലയം സംഘടിപ്പിക്കുന്നുണ്ട്. രോഗങ്ങൾ കുറയ്ക്കുന്നതിൽ ഭക്ഷ്യസുരക്ഷാ സംവിധാനങ്ങളുടെ പങ്ക് വ്യക്തമാക്കാനും കമ്മ്യൂണിറ്റി അവബോധം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.
പരിശീലന വർക്ക്ഷോപ്പുകൾ
ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കായി വെർച്വൽ പരിശീലന വർക്ക്ഷോപ്പുകളും ആരോഗ്യ മേഖലയിലെ ജീവനക്കാർക്കായി പ്രത്യേക വെർച്വൽ വർക്ക്ഷോപ്പും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യവിഷബാധയുണ്ടാകുന്ന സാഹചര്യങ്ങളിൽ ഫലപ്രദമായി പ്രതികരിക്കാനും അന്വേഷണം നടത്താനും ഇവ സഹായിക്കും. ദിനാചരണത്തിന്റെ ഭാഗമായി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ആസ്ഥാന മന്ദിരം ഓറഞ്ച് വെളിച്ചത്തിൽ പ്രകാശിപ്പിക്കും.




