
ഖത്തറിൽ വ്യോമയാന നിയമങ്ങളും നിബന്ധനകളും പാലിക്കാത്ത നാല് ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടാൻ ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (QCAA) ഉത്തരവിട്ടു. വ്യോമ ഗതാഗത മേഖലയെ നിയന്ത്രിക്കുന്നതിന്റെയും മേൽനോട്ടം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ഈ നടപടി.
പരിശോധന കർശനം
രാജ്യത്തെ ട്രാവൽ, എയർ കാർഗോ ഏജൻസികൾ അംഗീകൃത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി എയർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ തുടർച്ചയായ പരിശോധനകൾ നടന്നുവരികയാണെന്ന് അതോറിറ്റി അറിയിച്ചു. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത് തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി.
ലൈസൻസ് നിർബന്ധം
2025-ലെ മൂന്നാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ (3) പ്രകാരം, ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ആവശ്യമായ ലൈസൻസ് നേടാതെ ട്രാവൽ അല്ലെങ്കിൽ എയർ കാർഗോയുമായി ബന്ധപ്പെട്ട യാതൊരു പ്രവർത്തനങ്ങളും നടത്തരുതെന്ന് അതോറിറ്റി എല്ലാ ഏജൻസികൾക്കും നിർദ്ദേശം നൽകി. നിയമപരമായ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് അതോറിറ്റി വീണ്ടും ഓർമ്മിപ്പിച്ചു.




