Qatar
സുരക്ഷാ അലർട്ട് ലഭിക്കുന്ന സമയത്ത് മാർക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും സന്ദർശകർ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ

ദേശീയ മുന്നറിയിപ്പ് സംവിധാനത്തിലൂടെ (National Warning System) അടിയന്തര സന്ദേശങ്ങൾ ലഭിക്കുമ്പോൾ മർക്കറ്റുകളിലും മാളുകളിലുമുള്ള സന്ദർശകർ എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പൊതുജനങ്ങൾ ശാന്തത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
- മുന്നറിയിപ്പുകൾ ഗൗരവമായി എടുക്കുക: ദേശീയ മുന്നറിയിപ്പ് സംവിധാനത്തിലൂടെ ലഭിക്കുന്ന സന്ദേശങ്ങൾ ഗൗരവമായി കാണുകയും അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യുക.
- കെട്ടിടത്തിനുള്ളിൽ തന്നെ തുടരുക: സ്‌ഫോടന ശബ്ദം കേൾക്കുകയോ ദേശീയ മുന്നറിയിപ്പ് ലഭിക്കുകയോ ചെയ്താൽ, അപകടം ഒഴിഞ്ഞു എന്ന് ഔദ്യോഗിക അറിയിപ്പ് വരുന്നത് വരെ കെട്ടിടത്തിനുള്ളിൽ തന്നെ ശാന്തമായി തുടരുക.
- തുറസ്സായ സ്ഥലങ്ങൾ ഒഴിവാക്കുക: പെട്ടെന്ന് തന്നെ അടുത്തുള്ള സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുകയും ജനലുകൾ, ഗ്ലാസ് ഭിത്തികൾ, തുറസ്സായ സ്ഥലങ്ങൾ എന്നിവയിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്യുക.
- അടിയന്തര വാതിലുകൾ (Emergency Exits) മനസ്സിലാക്കുക: ഷോപ്പിംഗ് മാളുകളിലും മാർക്കറ്റുകളിലുമുള്ള അടിയന്തര എക്സിറ്റുകളെക്കുറിച്ചും പുറത്തേക്കുള്ള വഴികളെക്കുറിച്ചും മുൻകൂട്ടി മനസ്സിലാക്കി വെക്കുക.
- ഒഴിപ്പിക്കൽ സമയത്ത് ഗോവണികൾ ഉപയോഗിക്കുക: കെട്ടിടം ഒഴിപ്പിക്കേണ്ടി വന്നാൽ ലിഫ്റ്റുകൾ ഒഴിവാക്കി ഗോവണികളും അടിയന്തര വാതിലുകളും മാത്രം ഉപയോഗിക്കുക.
- തിരക്ക് ഒഴിവാക്കുക: പരിഭ്രാന്തരായി ഉന്തും തള്ളും ഉണ്ടാക്കാതെ അച്ചടക്കത്തോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങുക.
- സംശയാസ്പദമായ വസ്തുക്കൾ റിപ്പോർട്ട് ചെയ്യുക: സംശയാസ്പദമായ രീതിയിൽ എന്തെങ്കിലും വസ്തുക്കൾ കണ്ടാൽ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക.
- അപരിചിത വസ്തുക്കളുടെ അടുത്തേക്ക് പോകരുത്: സംഭവസ്ഥലത്ത് കാണുന്ന തിരിച്ചറിയാത്ത വസ്തുക്കളോ അവശിഷ്ടങ്ങളോ സ്പർശിക്കാനോ അടുത്തേക്ക് പോകാനോ പാടില്ല.
- ദൃശ്യങ്ങൾ പകർത്തരുത്: സുരക്ഷാ നടപടികളുടെയോ അപകടങ്ങളുടെയോ ചിത്രങ്ങളോ വീഡിയോകളോ പകർത്തുന്നതിൽ നിന്ന് വിട്ടുനിൽക്കുക.
- സുരക്ഷാ ജീവനക്കാരുമായി സഹകരിക്കുക: അടിയന്തര ഘട്ടങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുകയും അവരോട് പൂർണ്ണമായി സഹകരിക്കുകയും ചെയ്യുക.
ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത് സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അധികൃതരെ സഹായിക്കാനും ഉപകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.




