
ദോഹ: 2026-ൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിനുള്ള ട്രാവൽ പാക്കേജുകൾ ഖത്തർ എയർവേയ്‌സ് ഹോളിഡേയ്‌സ് പ്രഖ്യാപിച്ചു. ടിക്കറ്റുകൾ ഉൾപ്പെടെയുള്ള (Ticket-Inclusive Travel) പ്രത്യേക പാക്കേജുകളാണ് ഫുട്ബോൾ ആരാധകർക്കായി ഒരുക്കിയിരിക്കുന്നത്.
യാത്രക്കാരുടെ താല്പര്യത്തിനനുസരിച്ച് നാല് വ്യത്യസ്ത വിഭാഗങ്ങളിലായാണ് പാക്കേജുകൾ വിഭജിച്ചിരിക്കുന്നത്:
- സിംഗിൾ മാച്ച് പാക്കേജ്: ഒരു മത്സരം മാത്രം കാണാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളത്. സിൽവർ പാക്കേജിന് ഒരാൾക്ക് 3,700 യുഎസ് ഡോളർ മുതലും ഗോൾഡ് പാക്കേജിന് 4,500 യുഎസ് ഡോളർ മുതലുമാണ് വില ആരംഭിക്കുന്നത്.
- ഫോളോ മൈ ടീം: ഇഷ്ടപ്പെട്ട ടീമിൻ്റെ മത്സരങ്ങൾ മാത്രം പിന്തുടരാൻ ആഗ്രഹിക്കുന്നവർക്കായി ഇത് തിരഞ്ഞെടുക്കാം.
- നോക്കൗട്ട് സീരീസ്: ടൂർണമെന്റിലെ നിർണ്ണായകമായ നോക്കൗട്ട് മത്സരങ്ങൾ കാണാനുള്ള പാക്കേജ്.
- ഫൈനൽ റൗണ്ട് സീരീസ്: കലാശപ്പോരാട്ടം ഉൾപ്പെടെയുള്ള അവസാന റൗണ്ട് മത്സരങ്ങൾ കാണാൻ അവസരമൊരുക്കുന്നു.
പാക്കേജിലെ ആനുകൂല്യങ്ങൾ
ഖത്തർ എയർവേയ്‌സ് പുറത്തിറക്കിയ എല്ലാ പാക്കേജുകളിലും വിമാന ടിക്കറ്റ്, താമസത്തിനുള്ള ഹോട്ടൽ സൗകര്യം, ഗ്രൗണ്ട് ട്രാൻസ്‌പോർട്ടേഷൻ (യാത്ര സൗകര്യങ്ങൾ), മാച്ച് ടിക്കറ്റുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ മുഴുവൻ യാത്രാ ക്രമീകരണങ്ങളും എയർലൈൻ തന്നെ നേരിട്ട് കൈകാര്യം ചെയ്യും.
ലോകകപ്പ് മത്സരങ്ങൾ കാണാൻ എത്തുന്നവർ ഫിഫയുടെ ടിക്കറ്റ് ഉപയോഗ നിബന്ധനകളും സ്റ്റേഡിയത്തിലെ പെരുമാറ്റച്ചട്ടങ്ങളും കർശനമായി പാലിക്കണമെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു. പാക്കേജുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടങ്ങിയ ബ്രോഷർ എയർലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ് – https://www.brochureflights2026.com/media/kiuotv0a/qatar_airways_holidays-fwc26_pricingbrochure.pdf




