ഈന്തപ്പനകളിലെ ചുവന്ന വണ്ടുകളുടെ ആക്രമണം: കർഷകർക്ക് നിർദ്ദേശവുമായി ഖത്തർ നഗരസഭ മന്ത്രാലയം

ദോഹ: ഈന്തപ്പനകളെ ഏറ്റവും മാരകമായി ബാധിക്കുന്ന ചുവന്ന വണ്ടുകളുടെ (red palm weevil) ആക്രമണം മുൻകൂട്ടി കണ്ടെത്തുന്നതിനായി ഈന്തപ്പനകളിൽ കൃത്യമായ പരിശോധന നടത്തണമെന്ന് ഖത്തർ നഗരസഭ മന്ത്രാലയം കർഷകർക്ക് നിർദ്ദേശം നൽകി. സുസ്ഥിര കാർഷിക രീതികളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം ഈ കാർഷിക നിർദ്ദേശം പുറപ്പെടുവിച്ചത്.
പരിശോധനയും മുൻകരുതലും
ഈന്തപ്പനകളിൽ കൃത്യമായ നിരീക്ഷണവും പരിശോധനയും നടത്തുന്നത് കീടബാധ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയാനും അവ പടരുന്നത് തടയാനും സഹായിക്കും. ഇത്തരം മുൻകരുതലുകൾ മരങ്ങളെ സംരക്ഷിക്കുന്നതിനും തോട്ടങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതിനും ഈന്തപ്പഴ വിളവെടുപ്പിന്റെ ഗുണനിലവാരവും ഉത്പാദനക്ഷമതയും നിലനിർത്താനും സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
കീടനാശിനി പ്രയോഗം നിർത്തുക
ഈന്തപ്പഴങ്ങൾ പഴുക്കാൻ തുടങ്ങുന്നതോടെ കീടനാശിനികളുടെ ഉപയോഗം പൂർണ്ണമായും നിർത്തണമെന്ന് മന്ത്രാലയം കർഷകരോട് ആവശ്യപ്പെട്ടു. ഉപഭോക്താക്കൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഈന്തപ്പഴം ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ നടപടി അത്യാവശ്യമാണ്.
സഹായങ്ങൾക്ക് ‘ഔൺ’ ആപ്പ്
ഈന്തപ്പനകളിലെ കീടനിയന്ത്രണവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും സഹായങ്ങൾക്കുമായി കർഷകർക്ക് ‘ഔൺ’ (Oun) മൊബൈൽ ആപ്ലിക്കേഷൻ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു.




