സ്വകാര്യ സ്കൂൾ ഫീസ് വർദ്ധനവ്: ഖത്തറിൽ രക്ഷിതാക്കൾക്ക് 18 മാസത്തെ മുൻകൂട്ടി അറിയിപ്പ് നൽകും

ഖത്തറിലെ സ്വകാര്യ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലുമുള്ള ഫീസ് വർദ്ധനവ് പ്രാബല്യത്തിൽ വരുന്നതിന് മുൻപ് രക്ഷിതാക്കൾക്ക് 18 മാസത്തെ (ഒന്നര വർഷം) മുൻകൂട്ടി അറിയിപ്പ് നൽകുമെന്ന് വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. ഖത്തറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി. സ്വകാര്യ സ്കൂളുകളിലെയും കിന്റർഗാർട്ടനുകളിലെയും ‘സ്കൂൾ ഫീസ് പോളിസി 2026’ ന്റെ ഒന്നാം പതിപ്പ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ പ്രഖ്യാപനം.
രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പ്രയോജനം
ഫീസ് വർദ്ധനവിന് അംഗീകാരം ലഭിക്കുന്നത് മുതൽ ഒന്നര വർഷത്തെ സാവകാശം രക്ഷിതാക്കൾക്ക് ലഭിക്കും. ഇത് രക്ഷിതാക്കൾക്ക് അവരുടെ സാമ്പത്തിക കാര്യങ്ങൾ ക്രമീകരിക്കുന്നതിനോ അല്ലെങ്കിൽ കുട്ടികളെ മറ്റൊരു സ്കൂളിലേക്ക് മാറ്റുന്നതിനോ സഹായകരമാകും. സ്കൂൾ മാറ്റം ആവശ്യമായി വന്നാൽ മാനസികമായി തയ്യാറെടുക്കാൻ ഇത് വിദ്യാർത്ഥികൾക്കും പ്രയോജനം ചെയ്യും.
ഫീസ് വർദ്ധനവിനുള്ള മാനദണ്ഡങ്ങൾ
സ്വകാര്യ സ്കൂളുകളുടെ ഫീസ് വർദ്ധനവ് ആവശ്യങ്ങൾ മന്ത്രാലയം പരിഗണിക്കുമ്പോൾ പണപ്പെരുപ്പ നിരക്ക്, സ്കൂളിന്റെ സാമ്പത്തിക പ്രകടനം, അക്കാദമിക് പ്രകടനം എന്നിവ കണക്കിലെടുക്കും. പുതിയ നയം സ്വകാര്യ സ്കൂളുകൾക്കിടയിൽ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും സ്കൂളുകളുടെ അക്കാദമിക് പ്രകടനം ഉയർത്താൻ പ്രോത്സാഹിപ്പിക്കുന്നതിനും കാരണമാകും.




