LegalQatar

റോഡ് അപകടത്തിൽ പരിക്കേറ്റ സന്ദർശകന് 5 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകാൻ ഖത്തർ കോടതി ഉത്തരവ്

ദോഹ: ഖത്തറിൽ വെച്ചുണ്ടായ റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യാത്രികന് 5,00,000 ഖത്തർ റിയാൽ (QR 500,000) നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട കീഴ്ക്കോടതി വിധി ഇൻവെസ്റ്റ്‌മെന്റ് ആൻഡ് കൊമേഴ്‌സ് കോടതിയുടെ അപ്പീൽ സർക്യൂട്ട് ശരിവെച്ചു. പാസഞ്ചർ ട്രാൻസ്പോർട്ട് കമ്പനി, അപകടമുണ്ടാക്കിയ ഡ്രൈവർ, വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനി എന്നിവർ സംയുക്തമായി ഈ തുക നൽകണം.

3 മില്യൺ റിയാൽ നഷ്ടപരിഹാരം തേടി ഹർജി

2024 മെയ് മാസത്തിൽ ഖത്തർ സന്ദർശിക്കുന്നതിനിടെയാണ് പരാതിക്കാരൻ ട്രാൻസ്പോർട്ട് കമ്പനിയുടെ വാഹനത്തിൽ അപകടത്തിൽപ്പെടുന്നത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായത്. ശാരീരികവും മാനസികവുമായ നാശനഷ്ടങ്ങൾക്ക് 3 മില്യൺ റിയാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇയാൾ ലീഗൽ പ്രതിനിധി മുഖേന കോടതിയെ സമീപിച്ചത്. അപകടത്തിൽ ഇയാളുടെ നട്ടെല്ലിന് ഒടിവ് സംഭവിക്കുകയും, ഇടതു കൈയിലെ വിരൽ ഭാഗികമായി മുറിച്ചുമാറ്റേണ്ടി വരികയും, കേൾവിശക്തി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഖത്തറിനകത്തും പുറത്തും വലിയ തുക ചികിത്സയ്ക്കായി ചിലവായതായും സുഖം പ്രാപിക്കുന്ന കാലയളവിൽ ജോലി ചെയ്യാൻ കഴിയാത്തതിനാൽ വരുമാന നഷ്ടം ഉണ്ടായതായും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

അപ്പീൽ തള്ളി

അപകടത്തിന് ഉത്തരവാദിയായ ഡ്രൈവർ കുറ്റക്കാരനാണെന്ന് ക്രിമിനൽ കോടതി നേരത്തെ വിധിച്ചിരുന്നു. ഈ വിധിക്കെതിരെ അപ്പീൽ പോകാതിരുന്നതിനാൽ ഡ്രൈവറുടെ ബാധ്യതയും അതോടൊപ്പം കമ്പനിയുടെയും ഇൻഷുറൻസിന്റെയും സംയുക്ത ഉത്തരവാദിത്തവും കോടതിയിൽ സ്ഥാപിക്കപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി 5 ലക്ഷം റിയാൽ നഷ്ടപരിഹാരം വിധിച്ചത്. ഈ വിധിക്കെതിരെ പ്രതിഭാഗം അപ്പീൽ നൽകിയെങ്കിലും, കീഴ്ക്കോടതി വിധി നിയമപരമായി നിലനിൽക്കുന്നതാണെന്ന് വ്യക്തമാക്കിയ അപ്പീൽ കോടതി ഇവരുടെ ഹർജി തള്ളുകയും മുൻവിധി പൂർണ്ണമായി ശരിവെക്കുകയുമായിരുന്നു.

Related Articles

Back to top button