QatarTravel

ഖത്തർ എയർവേയ്‌സ് അന്താരാഷ്ട്ര സർവീസുകൾ വിപുലീകരിക്കുന്നു; വേനൽക്കാലത്തേക്ക് പുതുക്കിയ ഷെഡ്യൂൾ പുറത്തിറക്കി

ദോഹ: ഈ വേനൽക്കാലത്ത് കൂടുതൽ യാത്രക്കാരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനായി ഖത്തർ എയർവേയ്‌സ് തങ്ങളുടെ അന്താരാഷ്ട്ര വിമാന ശൃംഖല വിപുലീകരിക്കുന്നു. 2026 ജൂൺ 16 മുതൽ 150-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസുകൾ ലഭ്യമാകുമെന്ന് എയർലൈൻ അറിയിച്ചു.

പുതിയ ഷെഡ്യൂളും വിമാന സർവീസുകളും

2026 സെപ്റ്റംബർ 15 വരെ പ്രാബല്യമുള്ള പുതുക്കിയ ഷെഡ്യൂളിൽ പുതിയ റൂട്ടുകളും ദോഹയിലേക്കും തിരിച്ചുമ്മുള്ള സർവീസുകളുടെ എണ്ണത്തിൽ വർദ്ധനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് വേനൽക്കാല യാത്രകൾ ആസൂത്രണം ചെയ്യുന്നവർക്ക് കൂടുതൽ സൗകര്യപ്രദമാകും. പുതുക്കിയ ഷെഡ്യൂളിലെ വിമാനങ്ങളിൽ ബുക്കിംഗ് ഉള്ള യാത്രക്കാരെ കൃത്യമായ വിവരങ്ങൾ നേരിട്ട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റോ ആപ്പോ പരിശോധിക്കാനും കോൺടാക്റ്റ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും എയർലൈൻ നിർദ്ദേശിച്ചു.

യാത്രക്കാർക്കുള്ള ഇളവുകൾ

2026 ഫെബ്രുവരി 28-നും സെപ്റ്റംബർ 15-നും ഇടയിൽ യാത്ര ചെയ്യാൻ കൺഫേംഡ് ബുക്കിംഗ് ഉള്ളവർക്ക് ചില പ്രത്യേക ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും. ലഭ്യതയ്ക്ക് വിധേയമായി 2026 ഒക്ടോബർ 31 വരെ യാത്ര സൗജന്യമായി പുനഃക്രമീകരിക്കാൻ (Date Change) സാധിക്കും. വിമാന സർവീസിനെ ബാധിക്കുന്ന സാഹചര്യമുണ്ടായാൽ ഒക്ടോബർ 31 വരെ അധിക ഫീസ് ഇല്ലാതെ മാറ്റങ്ങൾ വരുത്താം. ഉപയോഗിക്കാത്ത ടിക്കറ്റുകൾക്ക് റീഫണ്ട് നൽകുമെങ്കിലും ഇതിന് 28 പ്രവൃത്തി ദിവസമെടുക്കും. വാലിഡ് ആയ കൺഫേംഡ് ടിക്കറ്റ് ഇല്ലാതെ ആരും വിമാനത്താവളത്തിലേക്ക് പോകരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Related Articles

Back to top button