പോർഷെ കരേര, ഡോഡ്‌ജ് റാം, ഹ്യുണ്ടായ് എലാൻട്ര എന്നീ വാഹനങ്ങൾ തിരിച്ചു വിളിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം
ഖത്തറിലെ പോർഷെ ഡീലർഷിപ്പുകളായ പോർഷെ സെൻ്റർ ദോഹ, അൽ ബൊറാഖ് ഓട്ടോമൊബൈൽസ് കമ്പനി ഡബ്ല്യുഎൽഎൽ എന്നിവയുടെ സഹകരണത്തോടെ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) പോർഷെ കരേര 2024-2025 മോഡലുകൾ തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ചു. വീൽ ഫാസ്റ്റണിംഗിനുള്ള സെൻട്രൽ ലോക്കിംഗ് മെക്കാനിസത്തിലെ പ്രശ്‌നമാണ് തിരിച്ചുവിളിക്കലിന് കാരണം, അത് സ്പെസിഫിക്കേഷനുകൾ പാലിക്കുന്നില്ല. ഈ തകരാർ സെൻട്രൽ ലോക്കിംഗ് നട്ടിൻ്റെ കേടുപാടുകൾക്കോ, തകർച്ചക്കോ കാരണമായേക്കാം. ഇത് ചക്രം ലൂസ് ആകാനോ അഴിഞ്ഞു പോകാനോ ഇടയാക്കും.
കൂടാതെ, ഖത്തറിലെ ഡോഡ്‌ജ് ഡീലർഷിപ്പായ യുണൈറ്റഡ് കാർസ് അൽമാനയുമായി സഹകരിച്ച് മന്ത്രാലയം 2025 ഡോഡ്‌ജ് റാം 1500 മോഡൽ തിരിച്ചുവിളിച്ചു. വീൽ സ്‌പീഡ് സെൻസറിൽ (WSS) നിന്നും കൃത്യമായ രീതിയിലല്ലാത്ത സിഗ്നലുകൾക്ക് കാരണമായേക്കാവുന്ന ഫ്രണ്ട് വീൽ ബെയറിംഗിൻ്റെ ഗിയറിലെ പോരായ്‌മയാണ് തിരിച്ചു വിളിക്കാനുള്ള കാരണം. ഈ പ്രശ്‌നം ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ സിസ്റ്റത്തിന്റെ (ESC) തകരാറിലേക്ക് നയിച്ചേക്കാം.
ഖത്തറിലെ ഹ്യുണ്ടായ് ഡീലർഷിപ്പായ സ്കൈലൈൻ ഓട്ടോമോട്ടീവുമായി സഹകരിച്ച് MoCI, ഹ്യുണ്ടായ് എലാൻട്ര, 2008-2009 മോഡലുകളും തിരിച്ചുവിളിച്ചിട്ടുണ്ട്. ചില വാഹനങ്ങളിൽ ഡ്രൈവർ എയർബാഗുകൾ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.