
ഖത്തർ പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പ്രകാരം ദേശീയ സേവനത്തിനായുള്ള (National Service) നിയമനങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. മുൻപ് ദേശീയ സേവന നിയമത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നവർക്കായി പുതുക്കിയ എൻറോൾമെന്റ് ചട്ടങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ ഉത്തരവിലൂടെ മൂന്ന് പുതിയ വിഭാഗങ്ങളെക്കൂടി ദേശീയ സേവന റിക്രൂട്ട്‌മെന്റിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്:
- ഒന്നാം വിഭാഗം: ദേശീയ സേവനം നിർബന്ധമല്ലാത്ത ഖത്തരി പൗരന്മാർ (പുരുഷന്മാർ/സ്ത്രീകൾ).
- രണ്ടാം വിഭാഗം: ഖത്തരി മാതാവിന് ജനിച്ച വിദേശ പൗരന്മാർ (പുരുഷന്മാർ/സ്ത്രീകൾ).
- മൂന്നാം വിഭാഗം: ഖത്തറിൽ ജനിച്ച പ്രവാസി താമസക്കാർ (പുരുഷന്മാർ/സ്ത്രീകൾ).
2 & 3 വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാൻ ആവശ്യമായ യോഗ്യതകൾ
ദേശീയ സേവനത്തിൽ ചേരാൻ താല്പര്യമുള്ള ഖത്തറിൽ ജനിച്ച പ്രവാസി യുവാക്കൾ (മൂന്നാം വിഭാഗം) താഴെ പറയുന്ന നിബന്ധനകൾ പൂർത്തിയാക്കേണ്ടതുണ്ട്:
- പ്രായം 18 വയസ്സിൽ കുറയാതിരിക്കുകയും 25 വയസ്സ് കവിയാതിരിക്കുകയും വേണം.
- പ്രതിരോധ മന്ത്രാലയത്തിലെ മിലിട്ടറി മെഡിക്കൽ കമ്മിറ്റിയുടെ ശാരീരിക-ആരോഗ്യ ക്ഷമതാ പരിശോധന വിജയിക്കണം.
- ധാർമ്മിക അപചയമോ അവിശ്വാസ്യതയോ ഉൾപ്പെടുന്ന ക്രിമിനൽ കുറ്റങ്ങളിലോ കടുംകുറ്റങ്ങളിലോ മുൻപ് ശിക്ഷിക്കപ്പെട്ടിട്ടുണ്ടാകരുത് (നിയമപരമായ പുനരധിവാസം ലഭിച്ചവർക്ക് ഇളവുണ്ട്).
- സാധുതയുള്ള ഖത്തർ റസിഡൻസി പെർമിറ്റ് (ID) ഉണ്ടായിരിക്കണം.
- നിലവിലെ തൊഴിലുടമയിൽ നിന്നോ, സ്പോൺസർഷിപ്പ് മാറ്റുന്നതിനായി സ്പോൺസറിൽ നിന്നോ ഉള്ള ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഹാജരാക്കണം.
- സെക്യൂരിറ്റി ക്ലിയറൻസും പേഴ്‌സണൽ ഇന്റർവ്യൂവും വിജയകരമായി പൂർത്തിയാക്കണം.
- പ്രതിരോധ മന്ത്രിയുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന വ്യക്തിയുടെയോ അന്തിമ അനുമതി ലഭിച്ചിരിക്കണം.
സേവന കാലാവധിയും തൊഴിൽ രീതിയും
ഈ വിഭാഗത്തിൽപ്പെടുന്നവരുടെ സജീവ സേവന കാലാവധി (Active service period) പരമാവധി 5 വർഷം വരെ ആയിരിക്കും. ഇതിൽ സൈനിക പരിശീലനം, ഫീൽഡ് യോഗ്യത നേടൽ, സായുധ സേനയുമായി ബന്ധപ്പെട്ട യൂണിറ്റുകളിലെ സേവനം എന്നിവ ഉൾപ്പെടുന്നു. നാഷണൽ സർവീസ് അക്കാദമിയോ അല്ലെങ്കിൽ ചുമതലപ്പെടുത്തുന്ന സിവിൽ/മിലിട്ടറി ബോഡിയോ ആയിരിക്കും ഇവരുടെ ജോലി സമയവും അവധികളും നിശ്ചയിക്കുക. സേവനത്തിനിടയിൽ ഇവർ ഖത്തറി പൗരത്വം നേടിയാൽ നിലവിലെ സേവന കാലാവധി അവസാനിക്കുകയും തുടർന്ന് 2018-ലെ നിയമം നമ്പർ (5) അനുസരിച്ചുള്ള നിബന്ധനകൾക്ക് വിധേയരാകുകയും ചെയ്യും.
വർഷം തോറുമുള്ള പ്രതിമാസ അലവൻസ് ഘടന
ദേശീയ സേവന കാലയളവിൽ ഇവർക്ക് ലഭിക്കുന്ന പ്രതിമാസ ശമ്പളം/അലവൻസ് ഓരോ വർഷവും വർദ്ധിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്:
- ഒന്നാം വർഷം: 3,000 ഖത്തറി റിയാൽ
- രണ്ടാം വർഷം: 4,000 ഖത്തറി റിയാൽ
- മൂന്നാം വർഷം: 5,000 ഖത്തറി റിയാൽ
- നാലാം വർഷം: 6,000 ഖത്തറി റിയാൽ
- അഞ്ചാം വർഷം: 7,000 ഖത്തറി റിയാൽ
ദേശീയ സേവനത്തിൽ പ്രവേശിച്ച് ആദ്യ മാസം പൂർത്തിയാകുന്നത് മുതൽ ഈ തുക ലഭിച്ചുതുടങ്ങും.
പെർമനന്റ് റസിഡൻസി കാർഡിനുള്ള യോഗ്യത
നിശ്ചിത സജീവ സേവന കാലാവധി വിജയകരമായി പൂർത്തിയാക്കുന്ന പ്രവാസി ഉദ്യോഗസ്ഥർക്ക് ഖത്തറിലെ സ്ഥിരതാമസത്തിനുള്ള ‘പെർമനന്റ് റസിഡൻസി കാർഡ്’ (Permanent Residency Card) ലഭിക്കുന്നതിനായി ശുപാർശ ചെയ്യപ്പെടാൻ യോഗ്യത ഉണ്ടായിരിക്കും. എന്നാൽ, സായുധ സേനയുടെ ഉത്തരവുകൾ ലംഘിക്കുകയോ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്താൽ ഈ പെർമനന്റ് റസിഡൻസി കാർഡ് റദ്ദാക്കാനുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയം സ്വീകരിക്കുന്നതാണ്.
നാഷണൽ റിസർവ്വ് സർവീസും മറ്റ് ആനുകൂല്യങ്ങളും
സജീവ സേവനത്തിന് ശേഷം ഇവരെ 40 വയസ്സ് തികയുന്നത് വരെ നാഷണൽ റിസർവ്വ് സർവീസിലേക്ക് (National Reserve service) മാറ്റും. റിസർവ്വ് കാലയളവിൽ അടിയന്തര ആവശ്യങ്ങൾക്കായി തിരിച്ചുവിളിക്കപ്പെടുമ്പോൾ (15 ദിവസത്തിൽ കൂടാത്ത കാലയളവിലേക്ക്), ഓരോ തിരിച്ചുവിളിക്കലിനും 3,500 ഖത്തറി റിയാൽ വീതം പ്രത്യേക അലവൻസിന് അർഹതയുണ്ടായിരിക്കും. മരണപ്പെടുകയോ, ശാരീരിക അക്ഷമത സംഭവിക്കുകയോ, ഖത്തറി പൗരത്വം ലഭിക്കുകയോ ചെയ്താൽ റിസർവ്വ് സർവീസ് അവസാനിക്കും. കൂടാതെ, സേവനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പ്രവാസി യുവാക്കൾക്ക് ഖത്തറി സായുധ സേനയിലെ ജോലികളിലേക്ക് മുൻഗണനയും ലഭിക്കുന്നതാണ്.




