ഖത്തർ യൂണിവേഴ്സിറ്റി ബിരുദദാന ചടങ്ങ്: സ്വർണമെഡൽ തിളക്കത്തിൽ മലയാളി വിദ്യാർത്ഥിനികൾ

ഖത്തർ യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങിൽ അക്കാദമിക് മികവിനുള്ള സ്വർണമെഡലുകൾ കരസ്ഥമാക്കി മലയാളി വിദ്യാർത്ഥിനികൾ ശ്രദ്ധേയരായി. ബി.എസ്.സി കെമിക്കൽ എൻജിനീയറിങ്ങിൽ മനാൽ മുഹമ്മദ് റഫീഖും ബി.ആർക്കിൽ (B.Arch) ലിയ മറിയവുമാണ് ഈ നേട്ടം കൈവരിച്ചത്. ഉയർന്ന വിജയം നേടിയ 525 വിദ്യാർത്ഥിനികൾക്ക് ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനി ബിരുദപത്രങ്ങൾ കൈമാറി.
മനാൽ മുഹമ്മദ് റഫീഖ്
ബി.എസ്.സി കെമിക്കൽ എൻജിനീയറിങ്ങിലാണ് മനാൽ സ്വർണമെഡൽ സ്വന്തമാക്കിയത്. കോഴിക്കോട് കൊയിലാണ്ടി കൊല്ലം സ്വദേശിയും ദോഹയിൽ ഇലക്ട്രിക്കൽ എൻജിനീയറുമായ മുഹമ്മദ് റഫീഖിന്റെയും റസിയ റഫീഖിന്റെയും മകളാണ്. ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലായിരുന്നു മനാലിന്റെ സ്കൂൾ വിദ്യാഭ്യാസം. ഉപരിപഠനത്തിന്റെ ഭാഗമായി മാസ്റ്റേഴ്സ് ബിരുദം നേടാനാണ് താരം ആഗ്രഹിക്കുന്നത്. അൻഫാൽ, മിഫ്സൽ എന്നിവർ സഹോദരങ്ങളാണ്.
ലിയ മറിയം
ബി.ആർക്ക് ബിരുദത്തിൽ ഡിസ്റ്റിങ്ഷനോടെയാണ് ലിയ മറിയം സ്വർണമെഡൽ കൈപ്പിടിയിലൊതുക്കിയത്. അൽ സദ്ദ് ട്രാവൽസിലെ മുഹമ്മദ് അൻസാരിയുടെയും എം.ഇ.എസ് ഇന്ത്യൻ സ്കൂൾ അധ്യാപിക ഷമീന അൻസാരിയുടെയും മകളാണ്. ദോഹ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നിന്നാണ് ലിയ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. യൂണിവേഴ്സിറ്റിയിൽ നിന്നും അധ്യാപകരിൽ നിന്നും ലഭിച്ച വലിയ പിന്തുണയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് ലിയ പറഞ്ഞു. ആർക്കിടെക്ചറിൽ തന്നെ മാസ്റ്റേഴ്സ് ബിരുദം നേടാനാണ് ലിയയും ലക്ഷ്യമിടുന്നത്.




