ഖത്തറിൽ തൊഴിലാളികൾക്കായി വിപുലമായ ബലിപെരുന്നാൾ ആഘോഷങ്ങൾ; വിനോദ പരിപാടികളും ഈദ്ഗാഹും ഒരുക്കി അധികൃതർ

ഈദ് അൽ അദ്ഹ പ്രമാണിച്ച് ഖത്തറിലെ വിവിധ പ്രവാസി സമൂഹങ്ങൾക്കായി ‘ഈദ് അൽ അദ്ഹ സെലിബ്രേഷൻസ് 2026’ സംഘടിപ്പിക്കുന്നു. വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ടിന്റെ നേതൃത്വത്തിലാണ് തൊഴിലാളികൾക്കായി വിപുലമായ വിനോദ, സാംസ്കാരിക പരിപാടികളും ഈദ് നമസ്കാര സൗകര്യവും ഒരുക്കിയിരിക്കുന്നത്.
വിനോദ പരിപാടികളും വേദികളും
പെരുന്നാളിന്റെ ഒന്നും രണ്ടും ദിവസങ്ങളിൽ വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി വരെ ഏഷ്യൻ ടൗൺ, അൽ ഖോർ വർക്കേഴ്സ് സ്പോർട്സ് കോംപ്ലക്സ് എന്നിവിടങ്ങളിൽ ആഘോഷങ്ങൾ നടക്കും. കൂടാതെ, ബർവ വില്ലേജിന് പിന്നിലുള്ള ക്രീഖ് സ്പോർട്സ് സ്റ്റേഡിയത്തിൽ പെരുന്നാൾ ഒന്ന്, രണ്ട്, മൂന്ന് ദിവസങ്ങളിൽ വൈകുന്നേരം 5 മണി മുതൽ രാത്രി 11 മണി വരെ പരിപാടികൾ ഉണ്ടായിരിക്കും. പാകിസ്താനിൽ നിന്നുള്ള കലാകാരന്മാർ അണിനിരക്കുന്ന മ്യൂസിക്കൽ കൺസേർട്ട്, പ്രാദേശിക ബാൻഡുകളുടെ സംഗീത പരിപാടികൾ, വിവിധ കമ്മ്യൂണിറ്റികളുടെയും സ്കൂൾ ടീമുകളുടെയും സാംസ്കാരിക പ്രകടനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി അരങ്ങേറും.
വിപുലമായ ഈദ്ഗാഹ് സൗകര്യം
ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയവുമായി സഹകരിച്ച് ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം കാർ പാർക്കിംഗ് ഏരിയയിൽ 5000 പേർക്ക് നമസ്കരിക്കാൻ സൗകര്യമുള്ള ഈദ്ഗാഹ് ഒരുക്കിയിട്ടുണ്ട്. രാവിലെ 5 മണിക്ക് ആരംഭിക്കുന്ന പെരുന്നാൾ നമസ്കാരത്തിനായി നാളെ പുലർച്ചെ 4.30 മുതൽ ഈദ്ഗാഹിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.
മറ്റ് സേവനങ്ങളും സമ്മാനങ്ങളും
ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്കായി റാഫിൾ ഡ്രോ വഴി ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്യും. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകൾ നടത്തുന്ന സുരക്ഷാ ബോധവൽക്കരണ പരിപാടികൾ, ഫിലിം ഷോകൾ എന്നിവയും ഇതിന്റെ ഭാഗമായി ഉണ്ടാകും. സ്വകാര്യ ക്ലിനിക്കുകളുമായി സഹകരിച്ച് സൗജന്യ പ്രമേഹ, രക്തസമ്മർദ്ദ പരിശോധനകളും വേദിയിൽ ലഭ്യമാക്കും.
പ്രവേശനം സൗജന്യം
ഖത്തറിലെ എല്ലാ പ്രവാസി സമൂഹങ്ങളിലെയും അംഗങ്ങളെ ഈ ആഘോഷങ്ങളിലേക്ക് അധികൃതർ ക്ഷണിച്ചിട്ടുണ്ട്. വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി വരെ നടക്കുന്ന ഈ പരിപാടികളിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്.




