
ഖത്തറിലെ സ്വകാര്യ സ്കൂളുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനായുള്ള പുതിയ കരട് നിയമം സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോ പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് തയ്യാറാക്കിയ ഈ കരട് നിയമത്തിന്മേൽ പൊതുജനങ്ങൾക്ക് ‘ഷാരെക്’ (Sharek) പ്ലാറ്റ്‌ഫോം വഴി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാവുന്നതാണ്. 10 ദിവസത്തിനകം നിർദ്ദേശങ്ങൾ സമർപ്പിക്കണം.
ലൈസൻസിംഗും ഉടമസ്ഥാവകാശവും
പുതിയ നിയമപ്രകാരം സ്വകാര്യ സ്കൂളുകൾക്ക് ഒന്ന് മുതൽ അഞ്ച് വർഷം വരെ കാലാവധിയുള്ള ലൈസൻസുകളായിരിക്കും അനുവദിക്കുക. സ്കൂൾ ഉടമകൾക്കും ഓപ്പറേറ്റർമാർക്കും കുറഞ്ഞ പ്രായപരിധി, നല്ല പെരുമാറ്റം (Good conduct), മന്ത്രാലയവുമായി താൽപ്പര്യ സംഘർഷങ്ങൾ (Conflict of interest) ഉണ്ടാകാൻ പാടില്ല തുടങ്ങി കർശന നിബന്ധനകൾ കരട് നിയമം മുന്നോട്ടുവെക്കുന്നു. പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ് മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്.
ഫീസ് നിയന്ത്രണവും വിദ്യാഭ്യാസ ഉള്ളടക്കവും
ട്യൂഷൻ ഫീസുകളും മറ്റ് അധിക നിരക്കുകളും മന്ത്രാലയത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കണം. അംഗീകാരമില്ലാത്ത ഒരു ഫീസും വിദ്യാർത്ഥികളിൽ നിന്നോ രക്ഷിതാക്കളിൽ നിന്നോ ഈടാക്കാൻ പാടില്ല. സ്കൂൾ പാഠ്യപദ്ധതിയും പുസ്തകങ്ങളും ഖത്തറിലെ മതമൂല്യങ്ങൾക്കും സംസ്കാരത്തിനും പാരമ്പര്യത്തിനും അനുസൃതമായിരിക്കണം. ഇവ ലംഘിക്കുന്ന പാഠഭാഗങ്ങൾ ഭേദഗതി ചെയ്യാനോ സസ്പെൻഡ് ചെയ്യാനോ മന്ത്രാലയത്തിന് അധികാരമുണ്ടാകും.
ഉൾക്കൊള്ളുന്ന പഠനവും സുരക്ഷയും
ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കും പഠന വൈകല്യമുള്ളവർക്കും ആവശ്യമായ പിന്തുണയോടെയുള്ള സുരക്ഷിതവും ഉൾക്കൊള്ളുന്നതുമായ പഠന അന്തരീക്ഷം സ്കൂളുകൾ ഉറപ്പാക്കണം. ജീവനക്കാരുടെ യോഗ്യത, അഡ്മിഷൻ നടപടികൾ, സാമ്പത്തിക സുതാര്യത എന്നിവയ്ക്കും നിയമത്തിൽ വ്യവസ്ഥകളുണ്ട്. സ്കൂളുകൾ പ്രത്യേക സാമ്പത്തിക അക്കൗണ്ടുകൾ സൂക്ഷിക്കുകയും വാർഷിക സാമ്പത്തിക റിപ്പോർട്ടുകൾ സമർപ്പിക്കുകയും വേണം.
നിയമലംഘനങ്ങളും പിഴകളും
നിയമലംഘനം നടത്തുന്ന സ്കൂളുകൾക്കെതിരെ പിഴ, പ്രവർത്തനങ്ങൾ തടയൽ, ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ നടപടികൾ സ്വീകരിക്കും. ലൈസൻസില്ലാതെ സ്വകാര്യ സ്കൂൾ നടത്തുന്നത് രണ്ട് വർഷം വരെ തടവോ അല്ലെങ്കിൽ 1,00,000 ഖത്തർ റിയാൽ വരെ പിഴയോ ലഭിക്കാവുന്ന കുറ്റമാണെന്നും കരട് നിയമം വ്യക്തമാക്കുന്നു.




