
ദോഹ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം നടക്കുന്ന അൽ സദ്ദ് – അൽ ഗരാഫ അമീർ കപ്പ് ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാത്ത സാധനങ്ങളുടെ പട്ടിക അധികൃതർ പുറത്തുവിട്ടു. കാണികൾക്ക് സുരക്ഷിതവും ആസ്വാദ്യകരവുമായ കായിക അനുഭവം ഉറപ്പാക്കുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.
സ്റ്റേഡിയത്തിൽ നിരോധിച്ചിട്ടുള്ള പ്രധാന സാധനങ്ങൾ
കാണികൾ താഴെ പറയുന്ന സാധനങ്ങൾ സ്റ്റേഡിയത്തിനുള്ളിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്:
- ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ: ടെലിവിഷൻ, മറ്റ് വാർത്താവിനിമയ ഉപകരണങ്ങൾ എന്നിവയ്ക്ക് വിലക്കുണ്ട്.
- പറക്കുന്ന വസ്തുക്കൾ: മൂവിങ് ആന്റ് ഗ്ലൈഡിങ് എയർക്രാഫ്റ്റുകൾ, ബലൂണുകൾ, കാറ്റടിച്ച പന്തുകൾ (inflatable balls) എന്നിവ അനുവദിക്കില്ല.
- ലൈറ്റ് – സൗണ്ട് ഉപകരണങ്ങൾ: ലേസർ ഉപകരണങ്ങൾ, ലൈറ്റുകൾ, മെഗാഫോണുകൾ പോലുള്ള ശബ്ദവർദ്ധക സംവിധാനങ്ങൾ.
- വാണിജ്യ സാധനങ്ങൾ: പ്രൊമോഷണൽ അല്ലെങ്കിൽ കൊമേഴ്‌സ്യൽ ആവശ്യങ്ങൾക്കുള്ള സാധനങ്ങളും സാമഗ്രികളും.
- ഭക്ഷണപാനീയങ്ങൾ: മദ്യം ഉൾപ്പെടെയുള്ള ഭക്ഷണപാനീയങ്ങൾ സ്റ്റേഡിയത്തിനകത്തേക്ക് കൊണ്ടുവരാൻ പാടില്ല.
- അപകടകരമായ വസ്തുക്കൾ: ലൈറ്ററുകൾ, തീപ്പെട്ടി എന്നിവ കൈവശം വെക്കാൻ അനുവദിക്കില്ല.
- ക്യാമറ ആക്‌സസറികൾ: ഫോട്ടോ, വീഡിയോ ഉപകരണങ്ങൾ ഉറപ്പിക്കുന്നതിനുള്ള മൗണ്ടുകൾ (Mounts).
- മറ്റ് വിലക്കുകൾ: രാഷ്ട്രീയമോ പ്രകോപനപരമോ ആയ ഉള്ളടക്കമുള്ള വസ്തുക്കൾ എന്നിവയ്ക്കും നിയന്ത്രണമുണ്ട്.
സുരക്ഷാ പരിശോധനകളുമായി സഹകരിക്കണമെന്നും നിയമങ്ങൾ പാലിക്കണമെന്നും ഖത്തർ ഫുട്ബോൾ അസോസിയേഷൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഓർമ്മിപ്പിച്ചു.




