QatarTechnology

ബൗദ്ധിക സ്വത്തവകാശ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; അഞ്ച് പുതിയ ഇ-സേവനങ്ങളുമായി ഖത്തർ

ദോഹ: ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി ബൗദ്ധിക സ്വത്തവകാശ (Intellectual Property) മേഖലയിൽ അഞ്ച് പുതിയ ഇ-സേവനങ്ങൾ കൂടി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) അവതരിപ്പിച്ചു. ഇതോടെ ഈ വിഭാഗത്തിൽ മന്ത്രാലയം നൽകുന്ന ആകെ ഡിജിറ്റൽ സേവനങ്ങളുടെ എണ്ണം ഏഴായി ഉയർന്നു.

​നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനുമായാണ് മന്ത്രാലയത്തിന്റെ ഈ നീക്കം. പകർപ്പവകാശം (Copyright), അനുബന്ധ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകൾ വേഗത്തിൽ കൈകാര്യം ചെയ്യാൻ പുതിയ സംവിധാനം സഹായിക്കും.

പുതുതായി ഉൾപ്പെടുത്തിയ സേവനങ്ങൾ:

  • ​പകർപ്പവകാശ രജിസ്ട്രേഷനുള്ള അപേക്ഷകൾ.
  • ​ഡിപ്പോസിറ്റ് സർട്ടിഫിക്കറ്റുകൾ.
  • ​സർട്ടിഫിക്കറ്റുകൾ അനുവദിക്കൽ.
  • ​ഭേദഗതികൾ വരുത്താനുള്ള സൗകര്യം.
  • ​പകർപ്പവകാശ വിട്ടുനൽകൽ (Waivers), ‘ടു ഹൂം ഇറ്റ് മേ കൺസേൺ’ സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്കുള്ള അപേക്ഷകൾ.

​കവികൾ, ഗവേഷകർ, എഴുത്തുകാർ, സംഗീതസംവിധായകർ, കലാകാരന്മാർ, ഡിസൈനർമാർ, ആർക്കിടെക്റ്റുകൾ, സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ തുടങ്ങി വിവിധ മേഖലയിലുള്ളവർക്ക് ഈ സേവനം പ്രയോജനപ്പെടും. കൂടാതെ, പെർഫോമിംഗ് ആർട്ടിസ്റ്റുകൾ, ശബ്ദലേഖകർ, റേഡിയോ-ടെലിവിഷൻ സംപ്രേക്ഷണ സ്ഥാപനങ്ങൾ എന്നിവർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.

​ഇതുകൂടാതെ, വിപണിയിലെ ഉൽപ്പന്നങ്ങളുടെ വില രജിസ്റ്റർ ചെയ്യുന്നതിനായി പുതിയ ഇലക്ട്രോണിക് സംവിധാനവും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ബിസിനസ് നടപടികൾ ലളിതമാക്കാനും വിപണിയിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും ഈ നീക്കം സഹായിക്കും. രേഖകൾ നേരിട്ട് സമർപ്പിക്കുന്നത് ഒഴിവാക്കി ഓൺലൈൻ വഴി വേഗത്തിൽ വിവരങ്ങൾ കൈമാറുന്നത് വഴി സേവന വിതരണത്തിലെ കാലതാമസം ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button