ഷാക്കിറയുടെ ഖത്തർ ഷോ മാറ്റി വെച്ചു; പുതുക്കിയ തീയതി പ്രഖ്യാപിച്ചു

ദോഹ: ആഗോള പോപ്പ് ഗായികയും ഗ്രാമി അവാർഡ് ജേതാവുമായ ഷാക്കിറയുടെ ദോഹയിലെ തത്സമയ സംഗീത പരിപാടി മാറ്റിവെച്ചു. നവംബർ 18-നായിരിക്കും പുതുക്കിയ തീയതിയിൽ ഷോ നടക്കുകയെന്ന് വിസിറ്റ് ഖത്തർ അറിയിച്ചു. മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.
’ലാസ് മുജെറെസ് യാ നോ ലോറൻ’ വേൾഡ് ടൂറിന്റെ ഭാഗമായി സ്റ്റേഡിയം 974-ൽ ഏപ്രിൽ 1-ന് നടത്താനിരുന്ന ഷോയാണ് ഇപ്പോൾ നവംബർ 18-ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നത്. നേരത്തെ ടിക്കറ്റ് എടുത്തവർക്ക് അതേ ടിക്കറ്റ് ഉപയോഗിച്ച് തന്നെ പുതിയ തീയതിയിൽ പ്രവേശനം സാധ്യമാകുമെന്നും അധികൃതർ വ്യക്തമാക്കി. ടിക്കറ്റുകൾ കൈവശം വെക്കണമെന്നും കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ ശ്രദ്ധിക്കണമെന്നും അറിയിപ്പുണ്ട്.
95 ഖത്തർ റിയാൽ മുതൽ 650 റിയാൽ വരെയായിരുന്നു ടിക്കറ്റ് നിരക്കുകൾ. ഫെബ്രുവരി 10 മുതലാണ് ടിക്കറ്റ് വില്പന ആരംഭിച്ചിരുന്നത്. ഏകദിന പരിപാടിയായിട്ടാണ് ദോഹയിൽ ഈ സംഗീത വിരുന്ന് ഒരുക്കിയിരിക്കുന്നത്.




