മഴ കാരണം വെള്ളക്കെട്ട്: 85% പരാതികളിലും നടപടിയുമായി അഷ്ഗാൽ; ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതം

ദോഹ: ഖത്തറിൽ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടുകൾ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. ഇതുവരെ ലഭിച്ച 770 വെള്ളക്കെട്ട് പരാതികളിൽ 85 ശതമാനവും പരിഹരിച്ചതായും ബാക്കിയുള്ളവയിൽ നടപടികൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
മഴ ഏറ്റവും കൂടുതൽ ബാധിച്ച അൽ വക്ര, അൽ വുഖൈർ, ഇൻഡസ്ട്രിയൽ ഏരിയ, മെബൈരീക് എന്നീ പ്രദേശങ്ങളിലാണ് അഷ്ഗാൽ സംഘം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ ഭാഗങ്ങളിൽ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനും വെള്ളം വേഗത്തിൽ ഒഴുക്കിവിടുന്നതിനും പ്രത്യേക മുൻഗണന നൽകുന്നുണ്ട്.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അഷ്ഗാലിന്റെ ഫീൽഡ് ടീമുകൾ 24 മണിക്കൂറും സജ്ജമായി രംഗത്തുണ്ട്. റോഡുകളിലെ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനൊപ്പം താഴ്ന്ന പ്രദേശങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം ടാങ്കറുകൾ ഉപയോഗിച്ചും പമ്പുകൾ വഴിയും നീക്കം ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത തുടരുമെന്നും അഷ്ഗാൽ അറിയിച്ചു.




