Qatar

സ്കൂൾ ബസ് സുരക്ഷ: ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കും കർശന നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ: അടിയന്തര സാഹചര്യങ്ങളിലും അസാധാരണ സാഹചര്യങ്ങളിലും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI) സ്കൂൾ ബസ് ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കും പുതിയ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കുട്ടികളുടെ സുരക്ഷ മുൻനിർത്തി സദാ സന്നദ്ധതയും ജാഗ്രതയും പുലർത്തണമെന്ന് മന്ത്രാലയം നിർദ്ദേശിക്കുന്നു.

​പ്രധാന നിർദ്ദേശങ്ങൾ:

  • യാത്രയ്ക്ക് മുൻപുള്ള പരിശോധന: ഓരോ യാത്ര ആരംഭിക്കുന്നതിന് മുൻപും ഡ്രൈവർമാരും സൂപ്പർവൈസർമാരും ബസും സുരക്ഷാ ഉപകരണങ്ങളും കൃത്യമായി പരിശോധിക്കണം.
  • യാത്രാ പാത ഉറപ്പാക്കൽ: നിശ്ചയിച്ചിട്ടുള്ള യാത്രാ പാതയും അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും കൈവശമുണ്ടെന്ന് ഉറപ്പുവരുത്തണം. സുരക്ഷിതവും വ്യക്തമായി കാണാവുന്നതുമായ സ്ഥലങ്ങളിൽ മാത്രമേ ബസ് നിർത്താവൂ.
  • വിദ്യാർത്ഥികളുടെ കയറ്റവും ഇറക്കവും: ബസ് പൂർണ്ണമായും നിശ്ചലമായതിനുശേഷം മാത്രമേ വാതിലുകൾ തുറക്കാൻ പാടുള്ളൂ. എല്ലാ കുട്ടികളും ഇരിപ്പിടങ്ങളിൽ ഇരുന്നതിനുശേഷം മാത്രമേ ബസ് എടുക്കാവൂ.
  • ബസിനുള്ളിലെ അച്ചടക്കം: യാത്രയിലുടനീളം കുട്ടികൾ ശാന്തരായി ഇരിക്കണം. ജനലുകളോ വാതിലുകളോ തുറക്കാൻ അവരെ അനുവദിക്കരുത്.

​അടിയന്തര സാഹചര്യങ്ങളിലെ നടപടികൾ:

​അടിയന്തര സാഹചര്യങ്ങളെ നേരിടാൻ മന്ത്രാലയം പ്രത്യേക ‘ക്വിക് ഡിസിഷൻ ഗൈഡ്’ (Quick Decision Guide) പുറത്തിറക്കി:

  1. പുറത്തുനിന്നുള്ള അപകടം (External Danger): ബസിന് പുറത്ത് എന്തെങ്കിലും അപകടസാഹചര്യമുണ്ടെങ്കിൽ ബസ് സുരക്ഷിതമായ സ്ഥലത്ത് നിർത്തി ഹസാർഡ് ലൈറ്റുകൾ തെളിക്കണം. കുട്ടികൾ ബസിനുള്ളിൽ തന്നെ ഇരിക്കുകയും ജനലുകളിൽ നിന്ന് മാറി തല താഴ്ത്തിയിരിക്കുകയും വേണം. അധികൃതരുടെ നിർദ്ദേശം ലഭിക്കാതെ ബസ് മുന്നോട്ട് എടുക്കരുത്.
  2. ബസിനുള്ളിലെ അപകടം (Internal Danger): ബസിനുള്ളിലാണ് അപകടമെങ്കിൽ (ഉദാഹരണത്തിന് തീപിടുത്തം) ഉടൻ തന്നെ കുട്ടികളെ പുറത്തിറക്കി സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റണം.
  3. അവ്യക്തമായ സാഹചര്യങ്ങൾ: അപകടം എവിടെ നിന്നാണെന്ന് വ്യക്തമല്ലെങ്കിൽ ബസ് നിർത്തി ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണം.

​ഏതൊരു അടിയന്തര സാഹചര്യത്തിന് ശേഷവും ബസിലുള്ള എല്ലാ കുട്ടികളും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നും അധികൃതർ വ്യക്തമാക്കി

Related Articles

Back to top button