ഖത്തറിൽ കനത്ത മഴ; ജാഗ്രതാ നിർദ്ദേശവുമായി വിവിധ മന്ത്രാലയങ്ങൾ

ദോഹ: രാജ്യത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും തുടരുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടർന്ന് പൊതുജനങ്ങൾക്കായി വിവിധ സർക്കാർ മന്ത്രാലയങ്ങൾ സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അൽ വക്രയിൽ മാർച്ച് 23-ന് റെക്കോർഡ് മഴയാണ് രേഖപ്പെടുത്തിയത്.
വാഹനമോടിക്കുന്നവർ ശ്രദ്ധിക്കാൻ
റോഡുകളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
- മുൻപിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കുക.
- വൈപ്പറുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക.
- മഴസമയത്ത് ഓവർടേക്കിംഗ് ഒഴിവാക്കുക.
- പെട്ടെന്ന് ബ്രേക്ക് ഇടുന്നതിന് പകരം വേഗത സാവധാനം കുറയ്ക്കുക.
- റോഡുകളിലെ വെള്ളക്കെട്ടുകളുടെ ആഴം അറിയാതെ അതിലൂടെ വാഹനം ഇറക്കരുത്.
വീടുകളിലും പരിസരങ്ങളിലും ജാഗ്രത
കെട്ടിടങ്ങളുടെ മുകൾഭാഗം (Rooftops) വൃത്തിയാക്കി സൂക്ഷിക്കണമെന്നും ഡ്രെയിനേജ് സംവിധാനങ്ങൾ തടസ്സമില്ലാത്തതാണെന്ന് ഉറപ്പുവരുത്തണമെന്നും മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. കാൽനടയാത്രക്കാർ തുറന്ന ഡ്രെയിനേജുകൾ, വൈദ്യുത തൂണുകൾ, വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ എന്നിവയിൽ നിന്നും വിട്ടുനിൽക്കണം.
സഹായത്തിന് വിളിക്കാം
മഴക്കെടുതിയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അധികൃതർ സജ്ജമാണ്. സഹായങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
- വെള്ളക്കെട്ടുകൾ റിപ്പോർട്ട് ചെയ്യാൻ: 184 (മുനിസിപ്പാലിറ്റി മന്ത്രാലയം) അല്ലെങ്കിൽ ‘OUN’ ആപ്പ് ഉപയോഗിക്കാം.
- മറ്റ് റോഡ് തടസ്സങ്ങൾക്ക്: 188 (അശ്ഗാൽ – പൊതുമരാമത്ത് അതോറിറ്റി).
ഹൈവേകളിലും ടണലുകളിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അശ്ഗാൽ സംഘം 24 മണിക്കൂറും നിരീക്ഷണം നടത്തിവരികയാണ്. സുരക്ഷാ മുൻകരുതലുകൾ പാലിച്ച് സഹകരിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.




