ആറാമത് ഖത്തർ ഇക്കണോമിക് ഫോറം മെയ് മാസത്തിൽ ദോഹയിൽ നടക്കും

ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ബ്ലൂംബെർഗ് സംഘടിപ്പിക്കുന്ന ആറാമത് ‘ഖത്തർ ഇക്കണോമിക് ഫോറം’ 2026 മെയ് 12 മുതൽ 14 വരെ ദോഹയിൽ നടക്കും. ‘ആഗോള പുനർക്രമീകരണം: മൂലധനം, അധികാരം, മിഡിൽ ഈസ്റ്റ്’ (The Global Rebalance: Capital, Power and the Middle East) എന്നതാണ് ഈ വർഷത്തെ ഫോറത്തിന്റെ പ്രധാന പ്രമേയം.
ആഗോള സമ്പദ്‌വ്യവസ്ഥയിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ ചെലുത്തുന്ന വർദ്ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ചും മൂലധന നിക്ഷേപങ്ങളിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചുമാണ് ഫോറം പ്രധാനമായും ചർച്ച ചെയ്യുന്നത്. ശക്തമായ പരമാധികാര നിക്ഷേപങ്ങൾ (Sovereign Capital), തന്ത്രപ്രധാനമായ ഊർജ്ജ ആസ്തികൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിതമായ പുതിയ ബിസിനസ്സ് ഇടപാടുകൾ എന്നിവയിലൂടെ മേഖല കൈവരിച്ച സാമ്പത്തിക വളർച്ച ആഗോള ക്രമത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതായി ഫോറം വിലയിരുത്തുന്നു.
ബ്ലൂംബെർഗ് ന്യൂസ് എഡിറ്റോറിയൽ വിഭാഗം മേൽനോട്ടം വഹിക്കുന്ന ഈ സമ്മേളനത്തിൽ വിവിധ രാജ്യത്തലവന്മാർ, ലോകപ്രശസ്ത കമ്പനികളുടെ സി.ഇ.ഒമാർ, നിക്ഷേപകർ, സർക്കാർ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ആഗോള വളർച്ച, സാമ്പത്തിക വെല്ലുവിളികൾ, പുതിയ അവസരങ്ങൾ എന്നിവ വിശകലനം ചെയ്യുന്നതിനൊപ്പം അന്താരാഷ്ട്ര തലത്തിലുള്ള സുപ്രധാന ബിസിനസ്സ് കരാറുകൾക്കും ബന്ധങ്ങൾക്കും ഈ വേദിയൊരുക്കും. കഴിഞ്ഞ വർഷം നടന്ന ഫോറത്തിൽ 95 രാജ്യങ്ങളിൽ നിന്നായി മൂവായിരത്തിലധികം പ്രതിനിധികൾ പങ്കെടുത്തിരുന്നു.




