ഖത്തറിൽ ‘ഭാരത് ഉത്സവ് 2026’ സമാപിച്ചു; ആര്യ പട്‌വർധന് ഐസിസി സ്റ്റാർ സിംഗർ കിരീടം

ദോഹ: ഖത്തർ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ സംഘടിപ്പിച്ച ഭാരത് ഉത്സവ് 2026 ആഘോഷങ്ങൾ പ്രൗഢഗംഭീരമായി സമാപിച്ചു. ഉത്സവത്തിന്റെ ഭാഗമായി നടന്ന ശ്രദ്ധേയമായ ‘ഐസിസി സ്റ്റാർ സിംഗർ’ മത്സരത്തിൽ ആര്യ പട്‌വർധൻ ജേതാവായി കിരീടം ചൂടി.
അൽ വക്രയിലെ ഡിപിഎസ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആവേശകരമായ ഗ്രാൻഡ് ഫിനാലെയിൽ ശ്രീരഞ്ജിനി ജിജിത്ത് രണ്ടാം സ്ഥാനവും, ലാലെന്തിക കുമാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ ആയിരുന്നു മത്സരത്തിന്റെ മുഖ്യ വിധികർത്താവ്.
ഇന്ത്യൻ അംബാസഡർ വിപുൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ എംബസി കോൺസലറും കോ-ഓർഡിനേറ്റിങ് ഓഫീസറുമായ ഡോ. വൈഭവ് എ. ടണ്ടാലെ സംസാരിച്ചു. ഐസിസി ജനറൽ സെക്രട്ടറി അബ്രഹാം കെ. ജോസഫ് സ്വാഗതവും വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ നന്ദിയും രേഖപ്പെടുത്തി.
ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സാംസ്കാരിക കൂട്ടായ്മ വിളിച്ചോതുന്ന പരിപാടികളോടെയാണ് ഉത്സവം സമാപിച്ചത്.




