LegalQatar

ഹോം ട്യൂഷനും ഇനി ലൈസൻസ് വേണം; അധ്യാപകർക്ക് മന്ത്രാലയത്തിന്റെ തിരിച്ചറിയൽ കാർഡ് നിർബന്ധം; എല്ലാ വിഷയവും പഠിപ്പിക്കാൻ ആവില്ല

ദോഹ: ഖത്തറിൽ സ്വകാര്യ ട്യൂഷൻ മേഖലയിൽ കർശന നിയന്ത്രണങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം. അംഗീകൃത സെന്ററുകളിൽ പഠിപ്പിക്കുന്നവർക്കും വീടുകളിൽ പോയി ട്യൂഷൻ എടുക്കുന്നവർക്കും ഇനി മുതൽ മന്ത്രാലയം നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ് (ID Card) നിർബന്ധമാണ്. അൽ റയാൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വിദ്യാഭ്യാസ സേവന കേന്ദ്രം ഡയറക്ടർ ഈമാൻ അൽ നുഐമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അംഗീകാരമില്ലാത്ത അധ്യാപകരെ ഒഴിവാക്കാൻ നിർദ്ദേശം
ഔദ്യോഗിക ഐഡി കാർഡ് ഇല്ലാത്ത ഒരു അധ്യാപകന്റെയും സേവനം മാതാപിതാക്കൾ സ്വീകരിക്കരുതെന്ന് മന്ത്രാലയം കർശന നിർദ്ദേശം നൽകി. നിലവിൽ സ്വതന്ത്രമായി ഹോം ട്യൂഷൻ എടുക്കുന്നവരും ഏതെങ്കിലും ലൈസൻസുള്ള സെന്ററുമായി അഫിലിയേറ്റ് ചെയ്ത് ഈ കാർഡ് കരസ്ഥമാക്കേണ്ടതുണ്ട്. അധ്യാപകൻ മന്ത്രാലയത്തിന്റെ അംഗീകാരമുള്ളയാളാണെന്നും ഖത്തറിൽ നിയമപരമായി താമസിക്കുന്ന ആളാണെന്നും മാതാപിതാക്കൾക്ക് ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കും.

‘എല്ലാ വിഷയവും പഠിപ്പിക്കും’ എന്ന പരസ്യം ഇനി നടക്കില്ല
സോഷ്യൽ മീഡിയയിലൂടെ എല്ലാ വിഷയങ്ങളും പഠിപ്പിക്കുമെന്ന് അവകാശപ്പെടുന്ന വ്യാജ പരസ്യങ്ങൾക്ക് തടയിടാൻ പുതിയ പരിഷ്കാരം സഹായിക്കും. ഓരോ അധ്യാപകനും ഏത് വിഷയത്തിലാണോ വൈദഗ്ധ്യമുള്ളത് അത് ഐഡി കാർഡിൽ പ്രത്യേകം രേഖപ്പെടുത്തിയിരിക്കും. “എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന ഒരു അധ്യാപകൻ എന്നൊന്നില്ല” എന്ന് അൽ നുഐമി ഓർമ്മിപ്പിച്ചു.

പ്രധാന നിയമങ്ങൾ:

  • ഫീസ് നിയന്ത്രണം: ട്യൂഷൻ ഫീസ് സംബന്ധിച്ച് മന്ത്രാലയത്തിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ടാകും.
  • പഠനസ്ഥലം: ലൈസൻസുള്ള സെന്ററിലോ അല്ലെങ്കിൽ മാതാപിതാക്കളുടെ താല്പര്യപ്രകാരം വീടുകളിലോ ട്യൂഷൻ നൽകാം. എന്നാൽ ഇത് മന്ത്രാലയത്തിന്റെ പൂർണ്ണ മേൽനോട്ടത്തിലായിരിക്കണം.
  • സുരക്ഷ: അധ്യാപകന്റെ പ്രൊഫഷണൽ യോഗ്യതയും നിയമപരമായ സ്റ്റാറ്റസും ഐഡി കാർഡ് വഴി ഉറപ്പാക്കാം.

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും അനധികൃത ട്യൂഷൻ സെന്ററുകൾക്ക് തടയിടുന്നതിനുമായി മന്ത്രാലയം നടപ്പിലാക്കുന്ന വിപുലമായ പദ്ധതികളുടെ ഭാഗമാണിതെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button