Qatar

സൗജന്യമായി അറബി പഠിക്കാം; ‘തകല്ലം’ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി ഖത്തർ ഔഖാഫ് മന്ത്രാലയം

ദോഹ: അറബി ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി മികച്ച അവസരമൊരുക്കി ഖത്തർ ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയും ‘തകല്ലം’ (Takalam) എന്ന മൊബൈൽ ആപ്പിലൂടെയും ലോകത്തിന്റെ ഏത് ഭാഗത്തുള്ളവർക്കും ഇനി സൗജന്യമായി അറബി പഠിക്കാം. ജോലിത്തിരക്കും ഉയർന്ന കോഴ്‌സ് ഫീസും കാരണം ഭാഷ പഠിക്കാൻ കഴിയാത്തവർക്ക് വലിയ ആശ്വാസമാണ് ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം.

ഏഴ് ഘട്ടങ്ങളിലായാണ് (Levels) പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ഓരോ ലെവലിലും 20 പാഠങ്ങൾ വീതമുണ്ട്. വീഡിയോ ക്ലാസുകൾക്കൊപ്പം എഴുത്ത്, വായന, സംസാരം, ഉച്ചാരണം എന്നിവ മെച്ചപ്പെടുത്താനുള്ള പരിശീലനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്റർനെറ്റ് ഇല്ലാത്തപ്പോഴും പഠിക്കാൻ പാഠഭാഗങ്ങൾ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

ആർക്കൊക്കെ പഠിക്കാം?
പ്രവാസികൾ, സന്ദർശകർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ തുടങ്ങി അറബി മാതൃഭാഷയല്ലാത്ത ആർക്കും ഈ കോഴ്‌സിൽ ചേരാം. നിത്യജീവിതത്തിലെ ആശയവിനിമയത്തിനും ഔദ്യോഗിക ആവശ്യങ്ങൾക്കും പുറമെ ഇസ്‌ലാമിക പഠനത്തിന് അടിത്തറ പാകാനും ഈ കോഴ്‌സ് സഹായിക്കും. ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് പുറമെ മന്ത്രാലയത്തിന് കീഴിൽ നേരിട്ടുള്ള ക്ലാസുകളും (In-person courses) സൗജന്യമായി നൽകുന്നുണ്ട്.

രജിസ്റ്റർ ചെയ്യേണ്ട വിധം:

  • മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലോ ‘തകല്ലം’ ആപ്പിലോ സൗജന്യ അക്കൗണ്ട് തുടങ്ങുക.
  • എജ്യുക്കേഷൻ സെക്ഷനിൽ നിന്ന് ‘Takalam’ ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • ഇമെയിൽ വഴി ലഭിക്കുന്ന കോഡ് ഉപയോഗിച്ച് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുക.
  • നിങ്ങളുടെ അറിവിനനുസരിച്ചുള്ള ലെവൽ തിരഞ്ഞെടുത്ത് പഠനം ആരംഭിക്കുക.

വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ താമസിക്കുന്ന ഖത്തറിൽ അറബി ഭാഷയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ ഈ സംരംഭം.

Related Articles

Back to top button