
ദോഹ: ജോർജിയയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് ഇനി മുതൽ ആരോഗ്യ-അപകട ഇൻഷുറൻസ് (Health and Accident Insurance) നിർബന്ധം. ജോർജിയൻ ടൂറിസം നിയമപ്രകാരം 2026 ജനുവരി 1 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നതെന്ന് ഖത്തർ എയർവേയ്‌സ് യാത്രാ മുന്നറിയിപ്പിൽ അറിയിച്ചു.
ജോർജിയയിലേക്ക് പ്രവേശിക്കുന്ന എല്ലാ വിനോദസഞ്ചാരികളും സാധുവായ ഇൻഷുറൻസ് പോളിസി കൈവശം വെക്കണമെന്ന് നിർദ്ദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താഴെ പറയുന്നവയാണ്:
- കുറഞ്ഞ ഇൻഷുറൻസ് തുക: ഇൻഷുറൻസ് പരിരക്ഷ കുറഞ്ഞത് 30,000 ജോർജിയൻ ലാറി (ഏകദേശം 40,000 ഖത്തർ റിയാൽ) ആയിരിക്കണം.
- ഭാഷ: ഇൻഷുറൻസ് പോളിസി ജോർജിയൻ ഭാഷയിലോ ഇംഗ്ലീഷിലോ ആയിരിക്കണം.
- രൂപം: പോളിസി പ്രിന്റ് ചെയ്ത കോപ്പിയായോ (Physical) അല്ലെങ്കിൽ ഫോണിൽ കാണിക്കാവുന്ന ഇലക്ട്രോണിക് രൂപത്തിലോ കയ്യിൽ കരുതാം.
ജോർജിയൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് ഈ മാറ്റം നടപ്പിലാക്കിയിരിക്കുന്നത്. ജോർജിയയിലേക്ക് യാത്ര തിരിക്കുന്നവർ വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് തന്നെ നിശ്ചിത തുകയ്ക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു.




