കെനിയ ബസ്സപകടം: മരിച്ച 6 ഇന്ത്യക്കാരിൽ 5 പേരും മലയാളികൾ

ഖത്തറില്‍ നിന്ന് കെനിയയിലേക്ക് പോയ വിനോദസഞ്ചാര ബസ് അപകടത്തില്‍പ്പെട്ട് മരിച്ച 6 ഇന്ത്യക്കാരിൽ 5 പേരും മലയാളികൾ എന്നു സ്ഥിരീകരണം. രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളുമാണ് മരണപ്പെട്ടത്. പാലക്കാട് കോങ്ങാട് സ്വദേശിനി റിയ ആന്‍(41), മകള്‍ ടൈറ (8), തൃശ്ശൂര്‍ സ്വദേശി ജസ്‌ന കുറ്റിക്കാട്ടുചാലില്‍ (29), മകള്‍ റൂഹി മെഹ്‌റിന്‍( ഒന്നരമാസം), തിരുവല്ല സ്വദേശി ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം നഷ്ടപ്പെട്ട താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. 27 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവര്‍ സമീപത്തെ ആശുപത്രികളില്‍ ചികിത്സയിലാണ്.
മരിച്ച റിയയുടെ ഭര്‍ത്താവ് ജോയല്‍, മകന്‍ ട്രാവിസ്, ജസ്‌നയുടെ ഭര്‍ത്താവ് മുഹമ്മദ് ഹനീഫ എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയിലുണ്ട്. ജൂണ്‍ ആറിനാണ് ഖത്തറില്‍ നിന്നും ഇവര്‍ കെനിയയിലേക്ക് പുറപ്പെട്ടത്. കേരളത്തിന് പുറമെ കര്‍ണാടക, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് വിനോദസഞ്ചാരസംഘത്തിലുള്ളത്.