വാട്ട്‌സ്ആപ്പ് വോയിസ് മെസ്സേജ് അയക്കുന്നതിന് മുൻപ് സ്വയം കേൾക്കാം. അക്കൗണ്ട് ഒന്നിലധികം ഫോണുകളിൽ ഒരേ സമയം ഉപയോഗിക്കാനും സാധിക്കും. വരുന്നു പുതിയ ഫീച്ചറുകൾ
ലോകത്തിലെ ഏറ്റവും ജനപ്രിയ മെസ്സേജിംഗ് ആപ്പിക്കേഷനായ വാട്ട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറുകളെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് രംഗത്തെത്തി. WABetaInfo എന്ന വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് വരുന്ന ഒന്നോ രണ്ടോ മാസത്തിനുള്ളിൽ വാട്ട്‌സ്ആപ് ബീറ്റാ വേർഷനിലും തുടർന്ന് സാധാരണ ഉപയോക്താക്കളിലേക്കും എത്താൻ ഇരിക്കുന്ന അപ്‌ഡേറ്റുകളെപ്പറ്റി വെളിപ്പെടുത്തിയത്.
ഒരേ സമയം 4 ഡിവൈസുകളിൽ എങ്കിലും ഒരേ വാട്ട്സ്ആപ്പ് അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ ആവുന്നതാണ് ഏറ്റവും ആകർഷകമായ പുതിയ ഫീച്ചർ. നിലവിൽ ഒരു സ്മാർട്ഫോണിലും അതിന്റെ വെബ് വേർഷനായി ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിലും മാത്രമാണ് വാട്ട്സ്ആപ്പ് ഉപയോഗിക്കാൻ ആവുന്നത്. അതേ സമയം ഒന്നിലധികം ഡിവൈസുകളിൽ ഉപയോഗിക്കാൻ ആവുമ്പോഴും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ പോലുള്ള സ്വകാര്യത നയങ്ങളിൽ ഒരു മാറ്റവുമുണ്ടാകില്ലെന്നും സുക്കർബർഗ് അറിയിച്ചു.
ഡിസപ്പിയറിംഗ് മോഡും വ്യൂ വണ്സും
വാട്ട്സാപ്പിന്റെ “ഡിസപ്പിയറിംഗ് മോഡ്”, “വ്യൂ വണ്സ്” എന്നീ ഫീച്ചറുകളിലായാണ് മറ്റൊരു മാറ്റം എത്താൻ പോവുന്നത്. മെസ്സേജ് അയച്ചു കഴിഞ്ഞാൽ, ആർക്കണോ അയച്ചത് അയാൾ മെസ്സേജ് കണ്ടയുടനെ അത് ഡിലീറ്റ് ആയിപ്പോകുന്ന ഫീച്ചർ ആണ് ‘വ്യൂ വണ്സ്.
നിലവിലുള്ള ഡിസപ്പിയറിംഗ് മോഡാകാട്ടെ, മോഡ് ഓണ് ചെയ്യുകയാണെങ്കിൽ എല്ലാ ചാറ്റ് ത്രെഡുകളും 7 ദിവസത്തിന് ശേഷം തനിയെ ഡിലീറ്റ് ആയിപ്പോകുന്ന സംവിധാനമാണ്. അതിലേക്ക് നമുക്ക് സെറ്റ് ചെയ്ത് വെക്കാവുന്ന ടൈമർ കൂടി കൊണ്ടുവരുന്നതാണ് പുതിയ ആകർഷണം. നമ്മൾ തീരുമാനിക്കുന്ന നിശ്ചിത സമയത്തിനുള്ളിൽ മെസ്സേജുകൾ ഡിലീറ്റ് ആവണമെന്നു സെറ്റ് ചെയ്യാൻ ഇതിലൂടെ സാധിക്കും.
വോയ്‌സ് മെസ്സേജ് അയക്കുന്നതിന് മുൻപ് സ്വയം കേൾക്കാം
വോയിസ് മെസ്സേജുകൾ അയക്കുന്നതിന് മുൻപ് സ്വയം കേൾക്കാവുന്ന സംവിധാനത്തെക്കുറിച്ചും Wabetainfo വെബ്‌സൈറ്റ് വെളിപ്പെടുത്തി. നിലവിലുള്ള സമാന ഫീച്ചറിന്റെ എല്ലാ ന്യൂനതകളും പരിഹരിച്ചു കൊണ്ടുള്ളതാണ് പുതിയ ഫീച്ചർ. വോയിസ് റെക്കോർഡ് ചെയ്ത് സ്റ്റോപ്പ് ബട്ടൻ അമർത്തുന്നതോടെ അത് സ്വയം കേൾക്കാം. ഇപ്പോഴുള്ള ക്യാൻസൽ ബട്ടണ് പകരമായാണ് വാട്ട്‌സ്ആപ് സ്റ്റോപ് ബട്ടൻ കൊണ്ടുവരുന്നത്. വാട്ട്‌സ്ആപ് ബീറ്റ അപ്‌ഡേറ്റിൽ സബ്മിറ്റ് ചെയ്തുകഴിഞ്ഞ ഈ ഫീച്ചർ, ഉടൻ വരാനിരിക്കുന്ന അപ്‌ഡേറ്റുകളിൽ തന്നെ ഉപയോക്താക്കൾക്ക് ലഭ്യമാകും.