യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശങ്ങളുമായി ഹമദ് വിമാനത്താവളം
ദോഹ: കൊവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വിമാനം പുറപ്പെടലിന് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്നും സുരക്ഷാ നടപടികൾ പാലിക്കണമെന്നും ഹമദ് ഇന്റർനാഷണൽ എയർപോർട്ട് (എച്ച്ഐഎ) യാത്രക്കാരോട് അറിയിച്ചു. “പനി, വരണ്ട ചുമ, ശ്വാസതടസ്സം, മണമോ രുചിയോ കുറയൽ, തുടങ്ങിയ ലക്ഷണങ്ങളിൽ ഏതെങ്കിലും കാണിക്കുന്നുണ്ടെങ്കിൽ എയർപോർട്ടിലേക്ക് യാത്ര ചെയ്യരുതെന്ന് യാത്രക്കാരോട് നിർദ്ദേശിക്കുന്നു.”
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ (MoPH) ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശത്തെ അടിസ്ഥാനമാക്കിയുള്ളതാണ് മുൻകരുതൽ നടപടികൾ. വിമാനത്താവളം തുറന്നതും പ്രവർത്തനക്ഷമവുമാണെന്ന് ഇത് പൊതുജനങ്ങൾക്ക് ഉറപ്പുനൽകുന്നു.
എല്ലാ ഓപ്പറേഷൻ ഗേറ്റുകളിലും (നോർത്ത് നോഡ് D3 & E3), 24/7 ടെർമിനലിലുടനീളവും തെർമൽ സ്ക്രീനിംഗ് ക്യാമറകൾ, എല്ലാ പാസഞ്ചർമാരേയും സ്കാൻ ചെയ്യും. എംഒപിഎച്ച് നടത്തുന്ന എയർപോർട്ടിലെ മെഡിക്കൽ ക്ലിനിക്, എല്ലാ ട്രാൻസ്ഫർ യാത്രക്കാരെയും വിമാനത്തിൽ കയറുന്നതിന് മുമ്പ് സ്‌ക്രീൻ ചെയ്യും. യാത്രക്കാർക്ക് കോംപ്ലിമെന്ററി ബേബി സ്‌ട്രോളറുകൾ ഇനി മുതൽ ലഭ്യമാവില്ല.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് തങ്ങളേയും മറ്റുള്ളവരേയും സംരക്ഷിക്കുന്നതിനായി എയർപോർട്ട് ജീവനക്കാർക്ക് അധിക പരിശീലനം നൽകിയിട്ടുണ്ട്. അതിഥി മുറികളുടെയും പൊതുസ്ഥലങ്ങളുടെയും ശരിയായ ശുചിത്വ, അണു നശീകരണ നടപടിക്രമങ്ങളെക്കുറിച്ച് എയർപോർട്ട് ഹോട്ടലിന്റെ ഹൗസ് കീപ്പിംഗ് ടീമിനെ പ്രത്യേകം ചുമതലപ്പെടുത്തി.
കൂടാതെ, HIA യുടെ ക്ലീനിംഗ് പ്രവർത്തനങ്ങൾ ടെർമിനലും ലോഞ്ചുകളും ഉൾപ്പെടെ 70 പ്രധാന ടച്ച് പോയിന്റുകളിൽ സജീവമായി തുടരുന്നു. അവ ഓരോ 10 മുതൽ 15 മിനിറ്റിലും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നു, എച്ഐഎ പ്രസ്താവനയിൽ വ്യക്തമാക്കി.