Qatar
ഖത്തർ ദേശീയ സേവനം: ഖത്തറിൽ ജനിച്ച പ്രവാസികൾക്ക് എങ്ങനെ അപേക്ഷിക്കാം? ആവശ്യമായ രേഖകളും ഘട്ടങ്ങളും ഇതാ!

ഖത്തറിൽ ജനിച്ച പ്രവാസി താമസക്കാർക്കും (Non-Qatari residents born in Qatar) ഖത്തരി മാതാക്കളുടെ മക്കൾക്കും ഖത്തർ ദേശീയ സേവനത്തിൽ (National Service) ചേരുന്നതിനുള്ള അപേക്ഷാ നടപടികൾ പ്രതിരോധ മന്ത്രായലം ലഭ്യമാക്കിയിട്ടുണ്ട്. ഖത്തറിൽ ജനിച്ച പ്രവാസികളായ ഉദ്യോഗാർത്ഥികൾക്ക് ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താൻ ആവശ്യമായ യോഗ്യതകൾ, സമർപ്പിക്കേണ്ട രേഖകൾ, അപേക്ഷിക്കേണ്ട രീതി എന്നിവ താഴെ വിവരിക്കുന്നു.
അപേക്ഷാ യോഗ്യതകൾ
ദേശീയ സേവനത്തിലേക്ക് അപേക്ഷിക്കുന്ന ഖത്തറിൽ ജനിച്ച പ്രവാസി യുവാക്കൾ താഴെ പറയുന്ന യോഗ്യതകൾ പൂർത്തിയാക്കിയിരിക്കണം:
- അപേക്ഷകർക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം.
- മികച്ച സ്വഭാവഗുണമുള്ളവരായിരിക്കണം. കൂടാതെ, അവിശ്വാസ്യതയോ ധാർമ്മിക അപചയമോ ഉൾപ്പെട്ട ഗുരുതരമായ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരാകരുത് (നിയമപരമായി പുനരധിവാസം ലഭിച്ചവർക്ക് ഇളവുണ്ട്).
- മുൻപ് ഒരു ഔദ്യോഗിക സേവനത്തിൽ നിന്നും (Official service) പിരിച്ചുവിടപ്പെട്ടവരാകരുത്.
- ശാരീരികക്ഷമതയുള്ളവരും പരിശീലനം പൂർത്തിയാക്കാൻ സാധിക്കുന്നവരുമായിരിക്കണം.
- പ്രവേശന അഭിമുഖം (Admission interview) വിജയകരമായി പാസാകണം.
- സാധുതയുള്ള ഖത്തർ റസിഡൻസി പെർമിറ്റ് (QID) ഉള്ളവരായിരിക്കണം.
ആവശ്യമായ രേഖകൾ (Required Documents)
അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഖത്തറിൽ ജനിച്ച പ്രവാസികൾ താഴെ പറയുന്ന രേഖകളുടെ കോപ്പികൾ കരുതേണ്ടതുണ്ട്:
- അപേക്ഷകന്റെ ഖത്തറി ഐഡി കാർഡിന്റെ (QID) പകർപ്പ്.
- കാലാവധിയുള്ള പാസ്പോർട്ടിന്റെ പകർപ്പ്.
- ഖത്തറിൽ ജനിച്ചവരാണെന്ന് തെളിയിക്കുന്നതിനുള്ള ജനന സർട്ടിഫിക്കറ്റിന്റെ (Birth Certificate) പകർപ്പ്.
(ശ്രദ്ധിക്കുക: ഖത്തരി മാതാക്കളുടെ മക്കളാണ് അപേക്ഷിക്കുന്നതെങ്കിൽ, യോഗ്യത സ്ഥിരീകരിക്കുന്നതിനായി മാതാവിന്റെ പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകളും സമർപ്പിക്കേണ്ടതുണ്ട്).
അപേക്ഷ സമർപ്പിക്കേണ്ട ഘട്ടങ്ങൾ
പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ താഴെ പറയുന്നവയാണ്:
- മിലിട്ടറി വെബ്സൈറ്റ് സന്ദർശിക്കുക: ആദ്യം പ്രതിരോധ മന്ത്രാലയത്തിന്റെ (Ministry of Defence) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- റിക്രൂട്ട്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക: ഹോം പേജിന്റെ മുകൾഭാഗത്തായി കാണുന്ന ഐക്കണുകളിൽ നിന്ന് ‘Recruitment for National Service’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- രജിസ്ട്രേഷൻ ബട്ടൺ കണ്ടെത്തുക: തുറന്നുവരുന്ന പേജിന്റെ ഏറ്റവും താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ ചുവപ്പ് നിറത്തിലുള്ള ‘Registration’ ബട്ടൺ കാണാം; അതിൽ ക്ലിക്ക് ചെയ്യുക.
- വിവരങ്ങൾ പൂരിപ്പിക്കുക: തുടർന്ന് വരുന്ന രജിസ്ട്രേഷൻ ഫോമിൽ (Registration Form) അപേക്ഷകന്റെ പൂർണ്ണമായ പേര്, ഖത്തർ ഐഡി നമ്പർ (QID), ഫോൺ നമ്പർ, ജനിച്ച സ്ഥലം, നിലവിലെ ദേശീയത (Nationality) തുടങ്ങിയ ആവശ്യമായ എല്ലാ വിവരങ്ങളും കൃത്യമായി പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കുക.




